കേന്ദ്ര കഥാപാത്രമായി ഷൈന്‍ ടോം ചാക്കോ; ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ ‘അടി’ ഒരുങ്ങുന്നു
അഭിനയമികവുകൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ ഷൈന്‍ ടോം ചാക്കോ പ്രധാന കഥാപാത്രമായി പുതിയ ചിത്രം ഒരുങ്ങുന്നു. അടി എന്നാണ് ചിത്രത്തിന്റെ പേര്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ നിര്‍മാണം. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് നിര്‍മിക്കുന്ന നാലാമത് ചിത്രംകൂടിയാണ് ‘അടി’.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷൈന്‍ ടോം ചാക്കോയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഷൈന്‍ ടോം ചാക്കോയ്ക്കൊപ്പം ധ്രുവന്, അഹാന കൃഷ്ണ ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.
Read more: ‘രാമായണക്കാറ്റേ..’; മനോഹര നൃത്തച്ചുവടുകളുമായി യുവയും മൃദുലയും- വിഡിയോ
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രതീഷ് രവി ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
Story highlights: Adi movie first look poster






