ഇരുകൈകൾകൊണ്ട് ഒരേസമയം എഴുതിയും വരച്ചും കുഞ്ഞുമിടുക്കി; റെക്കോർഡ് നിറവിൽ അൽവിയ
ഒരേസമയം ഇരുകൈകളും ഉപയോഗിച്ച് എഴുതുക എന്നത് സാധാരണക്കാരെ അപേക്ഷിച്ച് അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ ഒരേസമയം ഇരുകൈകളും ഉപയോഗിച്ച് എഴുതിയും വായിച്ചും താരമാകുകയാണ് ഒരു കൊച്ചുമിടുക്കി. അൽവിയ എന്ന ഒന്നാം ക്ലാസുകാരിയാണ് ഒരേസമയം ഇരുകൈകളും ഉപയോഗിച്ച് വരയ്ക്കുകയും എഴുതുകയും ചെയ്യുന്നത്. ഈ കൊച്ചുമിടുക്കി മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, അറബിക് എന്നീ ഭാഷകളിലുള്ള അക്ഷരങ്ങളാണ് ഒരേസമയം എഴുതുക.
അതേസമയം ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അൽവിയയെ തേടി നിരവധി പുരസ്കാരങ്ങളും ഇതിനോടകം എത്തി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, നാഷണൽ ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങിയ പുരസ്കാരങ്ങൾ അൽവിയ ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. മുന്നൂറിലേറെ കൊച്ചുപുസ്തകങ്ങൾ അൽവിയ ഈ ചെറിയ കാലത്തിനുള്ളിൽ വായിച്ചും കഴിഞ്ഞു. വായിച്ച പുസ്തകത്തിലെ കഥാപാത്രത്തെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചുമൊക്കെ കുറിച്ചുവയ്ക്കാനും മറക്കാറില്ല ഈ കൊച്ചുമിടുക്കി.
‘അൽവിയാസ് വണ്ടർവേൾഡ്’ എന്ന യുട്യൂബ് ചാനലും സ്വന്തമായുണ്ട് ഈ ഒന്നാം ക്ലാസുകാരിയ്ക്ക്. ഇതിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ ലിജോയുടെയും ബിൻസിയുടെയും മകളാണ് അൽവിയ. ഷാർജയിലാണ് മാതാപിതാക്കൾക്കൊപ്പം അൽവിയ താമസിക്കുന്നത്.
Story highlights: alvia breaks records in writing and drawing simultaneously