മനുഷ്യനേയും പ്രകൃതിയേയും ഇഴചേര്‍ത്ത് വരച്ച ചിത്രങ്ങള്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായ ആ ഫോട്ടോകള്‍ക്ക് പിന്നില്‍….
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പലരുടേയും വാട്സ് ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകളിലുമെല്ലാം ഇടം പിടിച്ച ചില ഫോട്ടോകളുണ്ട്. കൗതുകം നിറയ്ക്കുന്ന ചിത്രങ്ങള്‍. പ്രകൃതിയിലെ ചില വിസ്മയങ്ങളോട് ചേര്‍ത്ത് ചില മുഖങ്ങള്ക്കൂടി വരച്ചിരിക്കുന്നതിന്റേതാണ് ഈ ഫോട്ടോകള്‍. വളരെ കുറഞ്ഞ സമയംകൊണ്ടാണ് അതിഗംഭീരമായ ഈ കലാസൃഷ്ടി സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
മതിലുകളിലാണ് ഈ ചിത്രങ്ങള്‍ വിരിഞ്ഞത്. കൃത്യമായി പറഞ്ഞാല്‍ ഛായാചിത്രത്തിന്റെ പാതി ആണ് മതിലില്‍. ബാക്കിയുള്ളത് പ്രകൃതിയിലെ പൂക്കളും മരങ്ങളുമൊക്കെ. പ്രകൃതി പൂര്‍ത്തിയാക്കിയ ഈ ചിത്രങ്ങള്‍ക്ക് വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം വൈറലായതോടെ ചിത്രത്തിന് പിന്നിലെ കലാകാരനെ തെരഞ്ഞവരുടെ എണ്ണവും ചെറുതല്ല. ബ്രസീലിയന്‍ കലാകാരനായ ഫെബിയോ ട്രിന്‍ഡേഡ് ആണ് ഈ മനോഹരസൃഷ്ടിക്ക് പിന്നിലെ കലാകാരന്.
Read more: ഈ ടെറസ്സ് നിറയെ ചെടികളും ഫലവൃക്ഷങ്ങളും; ഹരിതാഭയെ സ്നേഹിക്കുന്ന രശ്മി
പ്രകൃതിയേയും മനുഷ്യനേയും തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ് ഈ ചുവര്‍ചിത്രങ്ങളിലൂടെ കലാകാരന്. മനുഷ്യരില്‍ നിന്നും അന്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രകൃതി സ്നേഹം തിരികെ കൊണ്ടുവരേണ്ടിയിരിക്കുന്നു എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ചിത്രങ്ങള്‍. മനുഷ്യനെ പൂര്‍ത്തീകരിക്കാന്‍ പ്രകൃതി എന്ന വിസ്മയത്തിന് സാധിക്കുന്നു എന്നും നമ്മെ ഈ ചുവര് ചിത്രങ്ങള്‍ ഓര്‍മപ്പെടുത്തുന്നു.
ബ്രസീലില്‍ മാത്രമല്ല രാജ്യത്തിന്റെ അതിരുകള്‍ കടന്നും ഈ കലാസൃഷ്ടി ശ്രദ്ധ നേടി. സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് കലാകാരനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നതും. മരങ്ങളുടേയും ചെടികളുടേയുമെല്ലാം ശാഖകള്‍ ധരിക്കുന്ന പെണ്മുഖങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രധാന ആകര്‍ഷണം. മുഖങ്ങള്‍ക്ക് മുകളിലായി മുടി പോലെ ചാരുത സൃഷ്ടിക്കുന്നത് യഥാരാര്ത്ഥ ഇലകളും പൂക്കളുമാണ്. ഇതുതന്നെയാണ് ഈ ചിത്രങ്ങളെ ഇത്രമേല്‍ സ്വീകാര്യമാക്കിയതും.
Story highlights: Brazilian street artist Fábio Gomes Trindade’s trending street art