ഗ്രീന്‍പീസില്‍ മായമുണ്ടോ എന്ന് കണ്ടെത്താം ഈ മാര്‍ഗത്തിലൂടെ: വിഡിയോ
കാഴ്ചയില്‍ ചെറുതാണെങ്കിലും ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട് ഗ്രീന്‍പീസില്‍. നിരവധിപ്പേരാണ് ഗ്രീന്‍പീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും. എന്നാല്‍ വിപണികളില്‍ നിന്നും നാം വാങ്ങുന്ന ഗ്രീന്‍പീസില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് എങ്ങനെ അറിയാന്‍ സാധിക്കും? ഇതിനുള്ള മാര്‍ഗം പങ്കുവെച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലാണ് വിഡിയോ എഫ്എസ്എസ്എഐ പങ്കുവെച്ചിരിക്കുന്നത്.
ഒരു ഗ്ലാസിന്റെ മുക്കാല്‍ ഭാഗത്തോളം വെള്ളം എടുക്കുക. തുടര്‍ന്ന് അല്പം ഗ്രീന്‍പീസ് ഇതിലേക്ക് ഇടുക. അരമണിക്കൂറിന് ശേഷം ഗ്ലാസ്സിലെ വെള്ളം ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇളക്കുക. വെള്ളത്തിന്റെ നിറത്തില്‍ മാറ്റം ഇല്ലെങ്കില്‍ ഗ്രീന്‍പീസ് ശുദ്ധമാണെന്ന് വ്യക്തം. വെള്ളത്തില്‍ നിറം കലര്‍ന്നിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം ഗ്രീന്‍പീസില്‍ കൃത്രിമ നിറം ചേര്‍ത്തിട്ടുണ്ട് എന്നാണ്.
Detecting Artificial Colour Adulteration in Green Peas#DetectingFoodAdulterants_7#AzadiKaAmritMahotsav@jagograhakjago @mygovindia @MIB_India @MoHFW_INDIA pic.twitter.com/7cOOFb9TVL
— FSSAI (@fssaiindia) September 22, 2021
നിരവധിയാണ് ഗ്രീന്‍പീസിന്റെ ആരോഗ്യ ഗുണങ്ങള്‍. ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് ഗ്രീന്‍പീസില്‍. ഈ ഘടകം വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കലോറി കുറവായതിനാല്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ചെറുക്കാനും ഗ്രീന്‍പീസ് സഹായിക്കുന്നു.
അതുപോലെതന്നെ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് ഗ്രീന്‍പീസില്‍. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവരും ഗ്രീന്‍പീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മാത്രമല്ല മുട്ട കഴിക്കാത്തവര്‍ക്കും ഗ്രീന്‍പീസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കാന്‍ ഇതു സഹായിക്കുന്നു.
പ്രമേഹരോഗികള്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണ് ഗ്രീന്‍പീസ്. രക്തകത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്താന്‍ ഗ്രീന്‍പീസ് സഹായിക്കുന്നു. പൊട്ടാസ്യം, മംഗ്നീഷ്യം എന്നിവയും ഗ്രീന്‍പീസില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ധത്തെ നിയന്ത്രിക്കാനും ഈ ഘടകങ്ങള്‍ സഹായിക്കുന്നു.
Story highlights: Detecting Artificial Colour Adulteration in Green Peas