‘പ്രായമൊക്കെ വെറും നമ്പറല്ലേ’; വൃദ്ധ ദമ്പതികളുടെ നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

September 28, 2021
Elderly couple dances video goes viral in Social Media

‘പ്രായമൊക്കെ വെറും നമ്പറല്ലേ….’ എന്ന് പറയാറുണ്ട് ചിലരെ കണ്ടാല്‍. സംഗതി ശരിയാണെന്ന് തോന്നും പലപ്പോഴും. കാരണം പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട് പലരും നമ്മെ അതിശയിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വിഡിയോ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വൃദ്ധ ദമ്പതികളുടെ ഗംഭീരമായ ഒരു നൃത്ത വിഡിയോ ആണ് ഇത്.

ജീവിതം യൗവന തീക്ഷണവും പ്രണയ പൂരിതവുമായിരിക്കണമെന്ന് കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ കാലങ്ങള്‍ക്ക് മുന്‍പേ പറഞ്ഞുവെച്ചിട്ടുണ്ട്. ജീവിതത്തില്‍ ഇക്കാര്യം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തീകമാക്കിയിരിക്കുകയാണ് ഈ ദമ്പതികള്‍ എന്ന് തോന്നും. കാരണം യൗവനത്തിന്റെ ചുറുചുറുക്കോടെയാണ് വാര്‍ധക്യത്തിലും ഇവര്‍ നൃത്തം ചെയ്യുന്നത്. പരസ്പരമുള്ള സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയുമെല്ലാം ആഴവും പരപ്പും പ്രതിഫലിക്കുന്നുണ്ട് ഇവരുടെ നൃത്തപ്രകടനത്തില്‍.

Read more: സ്റ്റാർ മാജിക് താരങ്ങളുടെ ‘ചമ്മൽ’ ഭാവങ്ങൾ- രസകരമായ വിഡിയോ

പത്രം വായിച്ചുകൊണ്ടിരിക്കുന്ന ഭര്‍ത്താവില്‍ നിന്നുമാണ് വിഡിയോ ആരംഭിക്കുന്നത്. പിന്നീട് പാട്ട് ഉയരുമ്പോള്‍ അദ്ദേഹം നൃത്തം ചെയ്യുന്നു. ഒപ്പം ഭാര്യയേയും ചേര്‍ത്തുപിടിയ്ക്കുന്നു. നിറചിരിയോടെയാണ് ഇരുവരും നൃത്തം ചെയ്യുന്നത്. സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് വൃദ്ധ ദമ്പതികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വിഡിയോ ഇതിനോടകംതന്നെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.

Story highlights: Elderly couple dances video goes viral in Social Media