ഒഴുകുന്ന പൂന്തോട്ടം; ആരും അതിശയിക്കും ഈ ജലാശയം കണ്ടാല്‍: വിസ്മയക്കാഴ്ച

പരന്ന് കിടക്കുന്ന വെള്ളത്തിന് മുകളില്‍ നിറയെ മനോഹരമായ ചെടികള്‍. ചിലതില്‍ സുന്ദരമായ പൂക്കള്‍. ഇങ്ങനെയൊരു കാഴ്ചയെക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ തന്നെ മനസ്സ് നിറയും. കഥകളിലോ നോവലുകളിലോ ഒന്നുമല്ല നമ്മുടെ ഇന്ത്യയിലുമുണ്ട് ഇത്തരത്തില്‍ ഒഴുകി നടക്കുന്ന സുന്ദരമായൊരു പൂങ്കാവനം. സഞ്ജയ് വന്‍ തടാകത്തിലാണ് ഇത്തരത്തില്‍ വേറിട്ട മാതൃകയിലൊരു പൂന്തോട്ടം നിര്‍മിച്ചിരിക്കുന്നത്.
നാളുകള്‍ക്ക് മുന്‍പ് വരെ സഞ്ജയ് വന്‍ തടാകം മാലിന്യങ്ങള്‍ നിറഞ്ഞതായിരുന്നു. ഒപ്പം നിറയെ പായലുകളും. തടാകത്തിന്റം സ്വാഭാവിക ഭംഗിയ്ക്ക് പോലും കോട്ടം സംഭവിച്ചു. ഇതേ തുടര്‍ന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജലാശയങ്ങള്‍ ഭംഗിയുള്ളതാക്കാന്‍ ശ്രമം നടന്നത്. ആ ശ്രമങ്ങള്‍ വിജയിക്കുകയും ചെയ്തു.
സഞ്ജയ് വന്‍ തടാകം ഇപ്പോള്‍ കണ്ടാല്‍ ആരും നോക്കി നിന്നു പോകും. അത്രമേല്‍ സുന്ദരമാണ് അവിടം. ഡല്‍ഹി വികസന അതോറിറ്റിയും ജലബോര്‍ഡും ചേര്‍ന്നാണ് ഒഴുകുന്ന പൂന്തോട്ടം ഒരുക്കി ജലാശയം മാലിന്യ മുക്തമാക്കിയത്.
ആറായിരം ചതുരശ്ര അടിയാണ് സഞ്ജയ് വന്‍ തടാകത്തിന്റെ വിസ്തീര്‍ണ്ണം. ഇവിടെ ഒഴുകി നടക്കുന്ന തരത്തിലാണ് പൂന്തോട്ടം നിര്‍മിച്ചിരിക്കുന്നത്. ഇതോടെ ജലാശയം കാഴ്ചയില്‍ കൂടുതല്‍ സുന്ദരമായി. ഒരു മാലിന്യം പോലും അവിടെ ഇടാന്‍ ആര്‍ക്കും തോന്നില്ല എന്ന് ചുരുക്കം. ഡല്‍ഹിയിലെ ചെറുതും വലുതമായ നിരവധി തടാകങ്ങള്‍ ഇത്തരത്തില്‍ സുന്ദരമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
Story highlights: Floating Garden Sanjay Van lake