‘കിരീടം പാലം’ ഇനി ടൂറിസം കേന്ദ്രം; പ്രഖ്യാപനവുമായി മന്ത്രി വി ശിവന്‍കുട്ടി

September 27, 2021
kireedam Movie bridge will become a tourist place

ചലച്ചിത്ര താരങ്ങളെ പോലെ തന്നെ ചില സിനിമകളിലെ വാഹനങ്ങളും വസ്തുക്കളും സ്ഥലങ്ങളുമെല്ലാം ശ്രദ്ധ നേടാറുണ്ട്. കാലമെത്ര കഴിഞ്ഞാലും അതിന്റെ ഓര്‍മകളൊന്നും പ്രേക്ഷക മനസ്സുകളില്‍ നിന്നും വിട്ടകലില്ല. കിരീടം എന്ന സിനിമയിലെ പാലവും പ്രേക്ഷക മനസ്സുകളില്‍ നിത്യമായ സ്ഥാനം പിടിച്ച ഒന്നാണ്. കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി… എന്ന ഗാനത്തിലും നിറഞ്ഞു നില്‍ക്കുന്നു ഈ പാലം.

കിരീടം പാലം ഇനിമുതല്‍ ടൂറിസം രംഗത്തും ശ്രദ്ധ നേടും. ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ചാണ് കിരീടം ടൂറിസം പദ്ധതി മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. കിരീടം പാലമുള്ള വെള്ളായണി തടാക പ്രദേശം മാതൃകാ ടൂറിസം കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി.

മന്ത്രി വി ശിവന്‍കുട്ടി കിരീടം പാലം ടൂറിസം പദ്ധതിയെക്കുറിച്ച് പങ്കുവെച്ച വാക്കുകള്‍

മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയേറ്ററുകളെ കരയിച്ചത്. സേതുമാധവന്‍ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരന്‍ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു.

കിരീടം പാലം എന്നും തിലകന്‍ പാലം എന്നുമൊക്കെ പ്രദേശവാസികള്‍ വിളിക്കുന്ന ഈ പാലം നില്‍ക്കുന്നത് നേമം മണ്ഡലത്തില്‍ ആണ്. നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയില്‍ ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ത്താന്‍ പദ്ധതി കൊണ്ടു വരുമെന്ന് അറിയിക്കുകയാണ്.

പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികള്‍ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേര്‍ന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങള്‍, കായലില്‍ ബോട്ടിങ്, കായല്‍ വിഭവങ്ങള്‍ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചരികള്‍ക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി ആകുമിത്. ലോക ടൂറിസം ദിനത്തില്‍ തന്നെ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്.

Story highlights: kireedam Movie bridge will become a tourist place