ആക്രിസാധനങ്ങള്‍ക്കൊണ്ട് തയാറാക്കിയ ബൈക്ക്; സൈബര്‍ ഇടങ്ങളില്‍ സംഗതി ഹിറ്റ്
ക്രിയാത്മകത കൊണ്ട് പലരും നമ്മെ അതിശയിപ്പിയ്ക്കാറുണ്ട്. അശ്വിന്‍ രാജ് എന്ന കൊച്ചു മിടുക്കനും അതിശയിപ്പിക്കുകയാണ് തന്റെ ക്രിയേറ്റിവിറ്റികൊണ്ട് നമ്മെ. ആക്രി സാധനങ്ങള്‍ ഉപയോഗിച്ച് അശ്വിന്‍ തയാറാക്കിയെടുത്ത ബൈക്ക് സൈബര്‍ ഇടങ്ങളില്‍ പോലും ഹിറ്റായി. നിരവധിപ്പേരാണ് കുട്ടിത്താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും.
മലപ്പുറം കാളികാവ് സ്വദേശിയാണ് അശ്വിന്‍ രാജ് എന്ന മിടുക്കന്‍. അശ്വിന്റെ കുഞ്ഞ് ബുദ്ധിയിലുദിച്ച ആശയം പലരേയും അമ്പരപ്പിക്കുന്നു. സ്വന്തമായ പ്രയത്‌നംകൊണ്ട് ഈ മിടുക്കന്‍ തയാറാക്കിയ ബൈക്കും ഗംഭീരമാണ്. അശ്വിന്റെ വീടിന് സമീപത്തുള്ളതിലേറെയും കുത്തനെയുള്ള വഴികളാണ്. ഇതിലൂടെ സൈക്കിളില്‍ സഞ്ചരിക്കുക എന്നത് അല്‍പം ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. ഈ സാഹചര്യത്തിലാണ് ഒരു കുഞ്ഞ് ബൈക്ക് എന്ന ആശയത്തെക്കുറിച്ച് അശ്വിന്‍ ആദ്യം ചിന്തിച്ചു തുടങ്ങിയത്.
സ്വന്തമായി സൂക്ഷിച്ച മൂവായിരം രൂപയില്‍ നിന്നുമാണ് ബൈക്ക് എന്ന സ്വപ്‌നത്തിന് പിന്നാലെ അശ്വിന്‍ സഞ്ചരിച്ചത്. നിര്‍മാണത്തിന് ഉപയോഗിച്ച സാധനങ്ങളിലേറെയും ഉപയോഗശൂന്യമായി പലരും ഉപേക്ഷിച്ച വസ്തുക്കളാണ് എന്നതും കൗതുകം നിറയ്ക്കുന്നു. പഴയൊരു ബൈക്കിന്റേതാണ് എഞ്ചിന്‍ പോലും. ബോട്ടില്‍ ഉപയോഗിച്ച് പെട്രോള്‍ ടാങ്കും തയാറാക്കി. പഴയൊരു ബുള്ളറ്റിന്റെ സൈലന്‍സറും ഉപയോഗിച്ചു. എന്തായാലും അശ്വിനും ഈ മിടുക്കന്‍ തയാറാക്കിയ ബൈക്കും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ഒരു മാസമെടുത്തു അശ്വിന്‍ ഈ ബൈക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍.
Story highlights: Little boy create a new bike with useless objects