50 വര്‍ഷങ്ങള്‍ പിന്നിട്ട അഭിനയ ജീവിതം; പിറന്നാള്‍ നിറവില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി

September 7, 2021
Megastar Mammootty Birth Day Speci

മമ്മൂട്ടി… ആ പേര് മലയാള ചലച്ചിത്ര ആസ്വാദകര്‍ ഹൃദയത്തിലേറ്റിയിട്ട് അഞ്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. പിറന്നാള്‍ നിറവിലാണ് താരം. പ്രായത്തെ വെല്ലുന്ന അഭിനയ മികവുകൊണ്ടുതന്നെ ചലച്ചിത്രലോകത്ത് ശ്രദ്ധേയനാണ് മമ്മൂട്ടി. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും മമ്മൂട്ടി എന്ന മഹാനടന്‍ പരിപൂര്‍ണതയിലെത്തിക്കുന്നു.

വീരവും രൗദ്രവും പ്രണയവും ഹാസ്യവും എന്നുതുടങ്ങുന്ന എല്ലാ ഭാവരസങ്ങളും ആവാഹിച്ചെടുത്ത് കഥപാത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നു മഹാനടന്‍. അതുകൊണ്ടുതന്നെയാണ് ദേശത്തിന്റേയും ഭാഷയുടേയും അതിരുകള്‍ കടന്നും മമ്മൂട്ടി എന്ന നടന്‍ ശ്രദ്ധേയനായത്. സിനിമയ്ക്ക് പുറത്തും മമ്മൂട്ടി എന്ന വ്യക്തിയുടെ പ്രഭാവം ചെറുതല്ല. അദ്ദേഹത്തിന്റെ സാമൂഹികപരമായ ഇടപെടലുകളും ചാരിറ്റി പ്രവര്‍ത്തനങ്ങളുമെല്ലാം നിരവധിപ്പേര്‍ക്കാണ് പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളും സമ്മാനിച്ചത്.

Read more: മൊബൈല്‍ ഫോണുകള്‍ക്കൊണ്ട് ഒരുങ്ങിയ മമ്മൂട്ടി ചിത്രം; ഇത് വേറിട്ട പിറന്നാള്‍ സമ്മാനം

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് മമ്മൂട്ടി വിസ്മയങ്ങള്‍ ഒരുക്കുന്നു. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.

എണ്‍പതുകളുടെ തുടക്കത്തില്‍ സിനിമയിലേക്ക് എത്തിയ മമ്മൂട്ടി ഓരോ കഥാപാത്രങ്ങളേയും അതിന്റെ പരിപൂര്‍ണ്ണതയില്‍ അവതരിപ്പിക്കുന്നു. 1971-ല്‍ പ്രേക്ഷകരിലേക്കെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ ആദ്യചിത്രം. തുടര്‍ന്ന് കെ ജി ജോര്‍ജ് സംവിധാനം നിര്‍വഹിച്ച മേള എന്ന ചിത്രത്തിലൂടെ മമ്മൂട്ടി എന്ന നടന്‍ ചലച്ചിത്രലോകത്ത് ഒരു അടയാളമായി മാറി. പിന്നീട് എത്രയെത്ര സിനിമകള്‍… എത്രയെത്ര കഥാപാത്രങ്ങള്‍….

Story highlights: Megastar Mammootty Birth Day Special