‘ആട്-2’ വിന് ശേഷം വിജയ് ബാബുവും മിഥുൻ മാനുവൽ തോമസും വീണ്ടും ഒന്നിക്കുന്നു
സംവിധായകൻ മിഥുൻ മാനുവൽ തോമസും വിജയ് ബാബുവും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ചിരി വിസ്മയം തീർത്ത രണ്ട് ചിത്രങ്ങളാണ്. ആട് ഒരു ഭീകരജീവിയാണ്, ആട്-2. ഇപ്പോഴിതാ വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസും മിഥുൻ മാനുവൽ തോമസും വീണ്ടും ഒന്നിക്കുമ്പോൾ വാനോളം പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. അതേസമയം പുതിയ ചിത്രം ആരംഭിക്കുന്നുവെന്ന വിവരം സംവിധായകൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
2015ൽ പുറത്തിറങ്ങിയ ‘ആട്’ ഒരു കൂട്ടം സുഹൃത്തുക്കളുടെ രസകരമായ യാത്രയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ജയസൂര്യയാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയിൽ ഷാജി പാപ്പാൻ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. പിന്നാലെ ചിത്രത്തിന് രണ്ടാം ഭാഗമെത്തുകയും അത് വമ്പൻ വിജയം ആകുകയും ചെയ്തു.
അതേസമയം കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ ഒരുക്കിയ അഞ്ചാം പാതിരാ ബോളിവുഡിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് മിഥുൻ മാനുവൽ. ചിത്രത്തിന് റീമേക്ക് ഒരുക്കുന്നതിലൂടെ സംവിധായകൻ മിഥുൻ മാനുവലും ബോളിവുഡിലേക്ക് ചേക്കേറുകയാണ്. റിലയൻസ് എന്റെർറ്റൈന്മെന്റ്, എ പി ഇന്റർനാഷണൽ, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ആട്, ആന്മരിയ കലിപ്പിലാണ്, അലമാര, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങളാണ് മിഥുൻ മാനുവലിന്റേതായി പുറത്തിറങ്ങിയത്.
Story highlights: midhun manuel thomas sharing about his new film