പരസ്പരം ഏറ്റുമുട്ടാനൊരുങ്ങി പ്രൊഫസറും പൊലീസ് ഓഫീസർ അലീസിയയും; മണി ഹെയ്സ്റ്റ് അഞ്ചാം സീസൺ പ്രേക്ഷകരിലേക്കെത്തുന്നു
ജനപ്രിയ വെബ് സീരീസ് മണി ഹെയ്സ്റ്റ് അഞ്ചാം ഭാഗം നാളെ മുതൽ പ്രേക്ഷകരിലേക്ക്. കാഴ്ചക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് മണി ഹെയ്സ്റ്റ് നാലാം ഭാഗം അവസാനിച്ചത്. നീണ്ട കാത്തിരിപ്പിനൊടുവിൽ വെബ് സീരീസിന്റെ അഞ്ചാം ഭാഗം ഈ മാസം മൂന്നാം തീയതി മുതൽ പ്രേക്ഷകരിലേക്കെത്തുകയാണ്. സർക്കാരിന്റെ പണം കൊള്ളയടിക്കുകയും എന്നാൽ ജനവികാരം തങ്ങളോടൊപ്പം നിർത്തുകയും ചെയ്യുന്ന പ്രൊഫസറുടെയും ഒരു കൂട്ടം ആളുകളുടെയും കഥയാണ് ഈ വെബ് സീരീസിലൂടെ പങ്കുവയ്ക്കുന്നത്. ഈ കൊള്ളസംഘത്തിലെ പ്രധാനിയായ പ്രൊഫസറുടെ മുന്നിലെത്തി തോക്കുചൂണ്ടി നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥ അലീസിയ സിയേറയിലൂടെയാണ് നാലാം ഭാഗം അവസാനിച്ചത്. അതുകൊണ്ടുതന്നെ അഞ്ചാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ലോകം മുഴുവനുമുള്ള മണി ഹെയ്സ്റ്റ് ആരാധകർ.
രണ്ട് ഭാഗങ്ങളായാണ് അഞ്ചാം സീസൺ പ്രേക്ഷകരിലേക്കെത്തുന്നത്. ഈ സീസണിലെ ആദ്യ ഭാഗം സെപ്തംബർ മൂന്നിന് പ്രേക്ഷകരിലേക്കെത്തുമ്പോൾ രണ്ടാം ഭാഗം ഡിസംബർ മൂന്നിനുമായിരിക്കും റിലീസ് ചെയ്യുക. അതേസമയം, അഞ്ചാം സീസണോടെ ‘മണി ഹെയ്സ്റ്റ് അവസാനിക്കുകയാണ്. സീരീസിലെ ഏറ്റവും സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് ഇത്തവണ പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
സ്പാനിഷ് വെബ് സീരീസ് മണി ഹെയ്സ്റ്റ് ഇന്ത്യയിൽ ഉൾപ്പെടെ നിരവധി ആരാധകരെ നേടിയെടുത്തതാണ്. ആദ്യമായാണ് ഒരു സ്പാനിഷ് വെബ് സീരീസിന് ഇന്ത്യയിൽ ഇത്രയധികം കാഴ്ചക്കാരെ ലഭിക്കുന്നത്. സീരിസിലെ ഓരോ കഥാപാത്രങ്ങൾക്കും ലോകമെമ്പാടും ഒട്ടേറെ ആരാധകരുണ്ട്. അതിൽ ഏറ്റവും ശ്രദ്ധനേടിയ കഥാപാത്രം പ്രൊഫസറായി വേഷമിട്ട അൽവാരോ മോർട്ടെയാണ്. അലക്സ് പീനയാണ് ഈ സീരീസിന്റെ സംവിധായകൻ. അവസാന സീസൺ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം അൽവാരോ മോർട്ടെ പങ്കുവെച്ച കുറിപ്പും സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ വൈകാരികമായാണ് താരം കുറിപ്പ് പങ്കുവെച്ചത്. അതേസമയം നെറ്റ്ഫിക്സ് റിലീസായാണ് സീരീസ് പ്രേക്ഷകരിലേക്കെത്തുന്നത്.
Story highlights; Money heist fifth season