തെരുവിലിരുന്ന് പഠിച്ച അസ്മയ്ക്ക് ഒടുവില്‍ വീടൊരുങ്ങി

September 6, 2021
Mumbai Girl Who Lived, Studied In Footpath Finally Gets A Home

അസ്മ എന്ന പേര് കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചതാണ്. തെരുവിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന ഈ വിദ്യാര്‍ത്ഥിനിയുടെ ജീവിതം പലരുടേയും മഴി നിറച്ചു. ഒടുവില്‍ തല ചായ്ക്കാന്‍ ഒരിടം എന്ന അസ്മയുടെ പ്രിയപ്പെട്ട സ്വപ്‌നം സഫലമായിരിക്കുകയാണ്. അസ്മയുടെ കഥ വൈറലായതോടെ സാമ്പത്തിക സഹായവും വാടക വീടിനുള്ള സഹായവുമെല്ലാം ലഭിച്ചു.

മുംബൈ സ്വദേശിയാണ് അസ്മ. പതിനേഴ് വയസ്സ് പ്രായം. ഈ പ്രായത്തിലും ചോര്‍ന്നൊലിക്കാത്ത ഒരു വീടെന്നതായിരുന്നു അസ്മയുടെ ഏറ്റവും വലിയ സ്വപ്നം. ഒപ്പം മികച്ച വിദ്യാഭ്യാസവും. പരിമിതമായ സാഹചര്യങ്ങളിലായിരുന്നിട്ടും അവള്‍ പഠിയ്ക്കാന്‍ തയാറായി എന്നത് അസ്മയുടെ ഉള്‍ക്കരുത്തിന്റേയും ആത്മവിശ്വാസത്തിന്റേയും പ്രതീകമാണ്. മുംബൈ ചര്‍ച്ച് ഗേറ്റിലെ കെസി കോളജിലെ വിദ്യാര്‍ത്ഥിനിയാണ് അസ്മ.

Read moe: ‘മെല്ലെയൊന്നു പാടി’ ആസ്വാദക ഹൃദയങ്ങൾ തലോടി ശ്രീഹരിക്കുട്ടൻ; മനോഹരം ഈ ആലാപനമികവ്

സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടായിരുന്നതിനാല്‍ തെരുവ് വെളിച്ചത്തിലായിരുന്നു പഠനം. അസ്മയുടെ പിതാവ് ഒരു ജ്യൂസ് കച്ചവടക്കാരനാണ്. സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു കുടുംബം. ദുരിതാവസ്ഥയിലും പഠിയ്ക്കുന്ന അസ്മയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു എന്‍ജിഒ സഹായ ഹസ്തവുമായി എത്തിയത്. അസ്മയുടെ പഠനത്തിനും മറ്റുമായി നിശ്ചിത തുക എല്ലാ മാസവും നല്‍കുമെന്നും ഇവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രതിസന്ധികളിലും വെല്ലുവിളികളിലും തളരാതെ പഠിച്ച് മുന്നേറാന്‍ അസ്മ തയാറായി എന്നതാണ് ആ വിദ്യാര്‍ത്ഥിനിയെ ഇത്രമേല്‍ ശ്രദ്ധേയമാക്കിയത്. തെരുവിലെ ചെറിയ വെളിച്ചത്തിലിരുന്ന് പഠിയ്ക്കുമ്പോള്‍ ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് അസ്മയ്ക്ക്. എങ്കിലും അവള്‍ തളര്‍ന്നില്ല. ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ പലര്‍ക്കും പ്രചോദനവും കരുത്തും പകരുകയാണ് ഈ ജീവിതം.

Story highlights: Mumbai Girl Who Lived, Studied In Footpath Finally Gets A Home