പത്രത്താളുകളും തെങ്ങോലകളും ഉപയോഗിച്ച് തയാറാക്കിയ വസ്ത്രങ്ങള്‍; ഫാഷന്‍ലോകത്ത് താരമായി കൊച്ചുമിടുക്കി
നാടോടുമ്പോള്‍ നടുവേ അല്ല, ഒരു കിലോമീറ്റര്‍ മുന്നേ ഓടുന്നവരാണ് ഫാഷന്‍ പ്രേമികള്‍. അതുകൊണ്ടുതന്നെ വ്യത്യസ്തമായ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഫാഷന്‍ലോകത്ത് ട്രെന്‍ഡിങ് ആകാറുമുണ്ട്. ക്രിയേറ്റിവിറ്റി കൊണ്ട് ഫാഷന്‍ലോകത്തെ വിദഗ്ധരെ പോലും അതിശയിപ്പിച്ചിരിക്കുകയാണ് ഒരു കുട്ടിത്താരം. പത്രക്കടലാസുകളും തെങ്ങോലകളും പുഷ്പങ്ങളും ഒക്കെ ഉപയോഗിച്ച് ഗംഭീര വസ്ത്രം തയാറാക്കിയാണ് അലീഷ ടോം എന്ന മിടുക്കി ഫാഷന്‍ ലോകത്തെ പോലും അതിശയിപ്പിച്ചിരിക്കുന്നത്.
കോട്ടയം ചിറ്റാനപ്പാറ സ്വദേശിയാണ് അലീഷ എന്ന മിടുക്കി. പലരും വായിച്ച ശേഷം വലിച്ചെറിയുന്ന പത്രക്കടലാസുകള്‍ ഉപയോഗിച്ചാണ് അലീഷ വ്യത്യസ്ത രീതിയിലുള്ള വസ്ത്രം തയാറാക്കിയത്. ഏകദേശം എഴുപത്തിരണ്ട് പത്രക്കടലാസുകളാണ് ഈ വസ്ത്രം നിര്‍മിക്കാന്‍ ഉപയോഗപ്പെടുത്തിയത്. സ്കേട്ടിന്റേയും ടോപ്പിന്റേയും മാതൃകയില്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയിട്ടുള്ള വസ്ത്രത്തിന് സമാനമായ രീതിയിലാണ് അലീഷയും പുതിയ വസ്ത്രം തയാറാക്കിയത്.
കൊവിഡ് 19 എന്ന മഹാമാരിക്കാലത്ത് ലഭിച്ച ലോക്ക്ഡൗണ്‍ സമയത്താണ് പുതിയ ആശയത്തെക്കുറിച്ച് അലീഷ ചിന്തിച്ചതും പരീക്ഷണം ആരംഭിച്ചതും. ചിറ്റാനപ്പാറ ശകലാപുരിയില്‍ ഷൈബി- നിഷ ദമ്പതികളുടെ മകളാണ് അലീഷ എന്ന മിടുക്കി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. അലീഷയുടെ പരീക്ഷണങ്ങള്‍ക്ക് മികച്ച പിന്തുണയും പ്രോത്സാഹനവും മാതാപിതാക്കളും നല്‍കുന്നുണ്ട്. ന്യൂസ്പേപ്പറിലാണ് ആദ്യം പരീക്ഷണങ്ങള്‍ നടത്തിയത്. വിജയിച്ചതോടെ പിന്നീട് തെങ്ങോലകളിലും പരീക്ഷണം നടത്തി. അതും വിജയകരമായതോടെ അലീഷ താരമായി.
സമൂഹമാധ്യമങ്ങളിലും അലീഷയുടെ പുത്തന്‍ ഫാഷന്‍ ആശയങ്ങള്‍ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടിയതോടെ നിരവധിപ്പേരാണ് കുട്ടിത്താരത്തെ അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തിയത്. പുതിയ പരീക്ഷണങ്ങള്‍ എല്ലാവരും സ്വീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അലീഷ പറയുന്നു. മികച്ച ഒരു ഫാഷന്‍ ഡിസൈനര്‍ ആകണമെന്നതാണ് ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹം.
Story highlights: Plus One Student becomes a star in the fashion world