റോക്കട്രി ദ് നമ്പി എഫ്ക്ട് പ്രേക്ഷകരിലേക്ക്; റിലീസ് വിഡ്ഢി ദിനത്തില്‍

September 27, 2021
Rocketry the Nambi Effect to hit screens on April 1, 2022

നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘റോക്കട്രി: ദ് നമ്പി ഇഫക്ട്’. ചിത്രത്തില്‍ മാധവനാണ് നമ്പി നാരായണനായി വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 2022 ഏപ്രില്‍ 1 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

സ്വന്തം രാജ്യത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച്, രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രയത്‌നിക്കുകയും ചെയ്തയാളാണ് നമ്പി നാരായണന്‍. എന്നാല്‍ പിന്നീട് ചതിയിലൂടെ ജീവിതം നഷ്ടപ്പെടുത്തിയ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളില്‍ ഒരാളായി അദ്ദേഹം മാറിയെന്നും ആ ജീവിതം പറയാന്‍ ഇതിലും നല്ല മറ്റൊരു ദിവസമില്ല എന്നതുകൊണ്ടാണ് റിലീസ് ഏപ്രില്‍ ഒന്നിന് തീരുമാനിച്ചതെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

Read more: കാലങ്ങള്‍ക്ക് മുന്‍പേ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ ഗാനം ഗംഭീരമായി ആലപിച്ച് ദേവനന്ദ: കൈയടിച്ച് വിധികര്‍ത്താക്കളും

ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലീസും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ആനന്ദ് മോഹനാണ് റോക്കട്രി: ദ് നമ്പി ഇഫക്ട്’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായി സുപ്രീം കോടതി വിധി വരുന്നതിനും മുമ്പേ നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നമ്പി നാരായണന്‍ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ് ഐഎസ്ആര്‍ഒ സ്പൈ കേസ്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിലപ്പോള്‍ ഒരു മനുഷ്യനോട് ചെയ്യുന്ന തെറ്റ് ഒരു ജനതയോട് ചെയ്യുന്ന തെറ്റാണെന്ന്’ പറഞ്ഞുകൊണ്ട് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights: Rocketry the Nambi Effect to hit screens on April 1, 2022