മനസ്സിൽ ഒരു വിങ്ങലായി ചിരുകണ്ടൻ നിങ്ങളോടൊപ്പം എന്നുമുണ്ടാകും; ശ്രദ്ധനേടി പത്തൊമ്പതാം നൂറ്റാണ്ടിലെ സെന്തിൽ
വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. പ്രഖ്യാപനം മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്ററാണ് സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധയാകർഷിക്കുന്നത്. ചിത്രത്തിൽ സെന്തിൽ രാജാമണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. വിനയൻ തന്നെയാണ് ചിരുകണ്ടനെ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.
നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതകഥ പറയുന്ന ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിജു വിൽസൺ ആണ് ചിത്രത്തിൽ വേലായുധപ്പണിക്കരായി എത്തുന്നത്. വേലായുധപ്പണിക്കാരായുള്ള സിജു വിൽസന്റെ ക്യാരക്ടർ പോസ്റ്ററും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ നായികയായി വേഷമിടുന്നത് കയാഡു ലോഹർ ആണ്. പൂനെ ടൈംസ് ഫ്രഷ് ഫെയ്സ് 2019 വിജയിയാണ് കയാഡു ലോഹർ.
ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരോടൊപ്പം കായംകുളം കൊച്ചുണ്ണിയും, നങ്ങേലിയും ഉൾപ്പെടെ നിരവധി ചരിത്ര പുരുഷന്മാരെ കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്. അതേസമയം കഥാപാത്രത്തിന് വേണ്ടി കളരിയും ആയോധന മുറകളും കുതരിയോട്ടവുമടക്കം സിജു വിൽസൺ പഠിച്ചിരുന്നു.
Read also:അന്ന് എല്ലാവരാലും ഒറ്റപ്പെട്ടു; ഇന്ന് വിജയങ്ങളുടെ നെറുകയിലെത്തിയ പത്ത് വയസുകാരി
വിനയന്റെ വാക്കുകൾ:
“ചാലക്കുടിക്കാരൻ ചങ്ങാതി” എന്ന എൻെറ ചിത്രത്തിലൂടെത്തന്നെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച സെന്തിൽ രാജാമണി അവതരിപ്പിക്കുന്ന ചിരുകണ്ടൻ എന്ന കഥാപാത്രത്തെയാണ് ഇന്നു പരിചയപ്പെടുത്തുന്നത്.. നിഷ്കളങ്കനും സ്നേഹസമ്പന്നനുമായ പിന്നോക്കജാതിയിൽ പെട്ട ഒരു ചെറുപ്പക്കാരനാണ് ചിരുകണ്ടൻ..
അയിത്തത്തിൻെറ പേരിൽ വിവിധ വിഭാഗത്തിൽപെട്ട അവർണ ജാതിക്കാർ ഇത്രയിത്ര അടി ദൂരത്തിലെ നിൽക്കാവു എന്ന ദുഷിച്ച നിയമങ്ങൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിലാണ് സ്വാമി വിവേകാനന്ദൻ നമ്മുടെ നാടിനെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത്.. അധസ്ഥിതർ അന്ന് അനുഭവിച്ച ദുരിതപൂർണ്ണമായ ജീവിതത്തെപറ്റിയും യാതനകളെപ്പറ്റിയും ഇന്നത്തെ തലമുറയ്ക്ക് എത്രമാത്രം അറിവുണ്ടെന്നറിയില്ല..
ശ്രീനാരായണഗുരുവും, ചട്ടമ്പിസ്വാമികളും, അയ്യങ്കാളിയും, സഹോദരൻ അയ്യപ്പനും പോലുള്ള എത്രയോ നവോത്ഥാന നായകരുടെ സമര മുന്നേറ്റങ്ങളുടെ ഫലമാണ് നമ്മൾ ഇന്നനുഭവിക്കുന്ന ജീവിതസ്വാതന്ത്ര്യം എന്നോർക്കേണ്ടതാണ്.. അവർക്കൊക്കെ മുന്നേ പത്തൊൻപതാം നൂറ്റാണ്ടിൻെറ മദ്ധ്യകാലത്ത് അധസ്ഥിതർക്കു വേണ്ടി പൊരുതിയ ധീരനും സാഹസികനുമായ പോരാളി ആയിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ…
സിജു വിൽസൺ അവതരിപ്പിക്കുന്ന വേലായുധപ്പണിക്കർ നായകനായി വരുന്ന ഈ ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് “ചിരുകണ്ടൻ”. മനസ്സിനെ ആർദ്രമാക്കുന്ന അഭിനയശൈലിയിലൂടെ നടൻ സെന്തിൽ “ചിരുകണ്ടനെ” അതി മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമ കണ്ടു കഴിയുമ്പോൾ മനസ്സിൽ ഒരു വിങ്ങലായി ചിരുകണ്ടൻ എന്ന കഥാപാത്രം പ്രേക്ഷകൻെറ ഓർമ്മയിലുണ്ടാവും.. ചില ജോലികൾ ചെയ്തു കഴിയുമ്പോൾ ഇതായിരുന്നു നമ്മുടെ ജന്മദൗത്യം എന്നു തോന്നിയേക്കാം..
പത്തൊൻപതാം നൂറ്റാറ്റാണ്ടിൻെറ തൊണ്ണൂറു ശതമാനം ഷൂട്ടിംഗ് കഴിഞ്ഞ ഈ അവസരത്തിൽ ഒരു ഫിലിം മേക്കർ എന്ന നിലയിൽ ഞാൻ വളരെ സന്തോഷവാനാണ്.. അതിന് എൻെറ കൂടെ സർവ്വ ഊർജ്ജവും പകർന്നു നിന്ന ഗോകുലം ഗോപാലേട്ടന് സ്നേഹാദരങ്ങൾ.. ഈ മഹാമാരിയുടെ കാഠിന്യം ഒട്ടൊന്നു ശമിച്ചു കഴിഞ്ഞ് മനസ്സിൽ ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ പത്തൊൻപതാം നൂറ്റാണ്ടിൻെറ ക്ലൈമാക്സും ചിത്രീകരിക്കാൻ സാധിച്ചാൽ അത് ചലച്ചിത്രകാരൻ എന്ന നിലയിൽ എൻെറ വലിയ ജീവിത വിജയമായിരിക്കും എന്നു ഞാൻ കരുതുന്നു…
നമ്മളെന്തൊക്കെ നന്മ പറഞ്ഞാലും ഈ ഭൂമിയിൽ നിന്ന് ഒരിക്കലും തുടച്ചു മാറ്റാൻ കഴിയാത്ത ദുഷ്ട വികാരങ്ങളാണ് പകയും, അസൂയയും.. അത്തരം ചില വികാരങ്ങളുടെ വേലിയേറ്റം കൊണ്ടു മാത്രം എൻെറ ചില സിനിമാ സുഹൃത്തുക്കൾ എനിക്കു മുന്നിൽ സൃഷ്ടിച്ച പ്രതിസന്ധികളെ എല്ലാം തരണം ചെയ്തുകൊണ്ട് ഇപ്പഴും ഇത്ര വലിയൊരു സിനിമചെയ്യാൻ കഴിയുന്നത് സത്യത്തിൻെറ മഹത്വവും ഈശ്വരാനുഗ്രഹവും കൊണ്ടു മാത്രമാണന്ന് ഞാൻ വിശ്വസിക്കുന്നു.. ആ വിശ്വാസം പൂർണ്ണമാക്കുന്നത് ഏതു പ്രതിസന്ധിയിലും നിർലോഭമായി സ്നേഹവും സപ്പോർട്ടും എനിക്കു തന്ന നിങ്ങൾ സുഹൃത്തുക്കളാണ്.
Story highlights: senthil rajamani chirukandan in pathombatham noottandu