സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ തിരക്കഥാകൃത്ത് ഷാഹി കബീര്‍; ‘ഇലവീഴാ പൂഞ്ചിറ’ ഒരുങ്ങുന്നു

September 30, 2021
Shahi Kabir's debut directorial movie starring Soubin Shahir

മികച്ച തിരക്കഥകളിലൂടെ ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായ രചയിതാവ് ഷാഹി കബീര്‍ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഇലവീഴാ പൂഞ്ചിറ എന്നാണ് ചിത്രത്തിന്റെ പേര്. ജോസഫ്, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് ഷാഹി കബീര്‍. അന്‍വര്‍ റഷീദിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്‍ ടി ഫിലിംസും കഥാസ് മീഡിയ ലിമിറ്റഡും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

സിനിമയുടെ ചിത്രീകരണത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം കുറിച്ചു. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ സൗബിന്‍ ഷാഹിര്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. സൗബിനൊപ്പം സുധി കോപ്പയും ഒരു സുപ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്.

Read more: ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ പശു; ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തില്‍ റാണി

നിധീഷ് ജി, ഷാജി മാറാട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനേഷ് മാധവന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം. അതേസമയം ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് തുടങ്ങിയവര്‍ ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ പങ്കെടുത്തു.

Story highlights: Shahi Kabir’s debut directorial movie starring Soubin Shahir