12 വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്നു
നരസിംഹം, ആറാം തമ്പുരാൻ, നാട്ടുരാജാവ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചതാണ് ഷാജി കൈലാസ്- മോഹൻലാൽ കൂട്ടുകെട്ട്. ഇപ്പോഴിതാ 12 വർഷങ്ങൾക്ക് ശേഷം പുതിയ ചിത്രവുമായി ഒരുവരും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കാൻ തുടങ്ങുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. രാജേഷ് ജയറാമാണ് ചിത്രത്തിന്റെ തിരക്കഥ. മോഹൻലാൽ തന്നെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
റെഡ് ചില്ലീസാണ് മോഹൻലാലും ഷാജി കൈലാസും ഒന്നിച്ച അവസാന ചിത്രം. 2009 ലാണ് ചിത്രം റിലീസ് ചെയ്തത്. അതേസമയം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രം. ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകളും അണിയറയിൽ നടക്കുന്നുണ്ട്.
കടുവയാണ് ഷാജി കൈലാസിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. പൃഥ്വിരാജാണ് ചിത്രത്തിൽ നായകനായി വേഷമിടുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. എന്നാൽ എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. 2013-ല്‍ തിയേറ്ററുകളിലെത്തിയ ജിഞ്ചര്‍ ആണ് ഷാജി കൈലാസ് അവസാനമായി മലയാളത്തില്‍ സംവിധാനം നിര്‍വഹിച്ച ചിത്രം. പിന്നീട് തമിഴില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2017-ല്‍ തിയേറ്ററുകളിലെത്തിയ വാഗൈ എക്സ്പ്രസ് ആണ് ഷാജി കൈലാസ് അവസാനമായി സംവിധാനം നിര്‍വഹിച്ച ചിത്രം.
Story highlights ; shaji kailas and mohanlal reunite after 12-years