ചിത്രങ്ങൾ വരയ്ക്കാൻ പ്രചോദനമായത് 20 വർഷങ്ങൾ മുൻപ് നട്ട് വളർത്തിയ ചെടി; വൈറൽ ചിത്രകാരൻ പറയുന്നു
വർണ്ണാഭമായ ചുവർ ചിത്രങ്ങളിലൂടെ സോഷ്യൽ ഇടങ്ങളിൽ അടക്കം ശ്രദ്ധ ആകർഷിച്ചതാണ് ചിത്രകാരൻ ഫെബിയോ ഗോംസ് ട്രിൻഡേഡ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്നേഹം പറയുന്നതാണ് ഗോംസ് ട്രിൻഡേഡിന്റെ ഓരോ ചിത്രങ്ങളും. ബ്രസീലിയൻ തെരുവോരങ്ങളിൽ ചുവർചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ ചിത്രകാരന്റെ ഏറ്റവും ആകർഷിക്കപ്പെട്ട ചിത്രം സ്ത്രീകളുടെ മുടിയിഴകളിൽ വളർന്നുവരുന്ന മരച്ചില്ലകളും കൊമ്പുകളുമാണ്. ചിത്രങ്ങളുടെ ഒരു ഭാഗം ചിത്രകാരൻ ഒരുക്കുമ്പോൾ മറുഭാഗം പൂർത്തിയാക്കുന്നത് പ്രകൃതി തന്നെയാണ് എന്നതാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയും. മരച്ചില്ലകൾക്ക് താഴെയുള്ള ചുമരുകളിലാണ് അദ്ദേഹം കൂടുതൽ ചിത്രങ്ങളും ഒരുക്കുന്നത്. ഇത്തരത്തിൽ ചുമരിൽ സ്ത്രീകളുടെയും കുട്ടികളുടെയും മുഖങ്ങൾ വരയ്ക്കുമ്പോൾ അവരുടെ തലയോട് ചേർന്നിരിക്കുന്ന ഭാഗത്ത് മരങ്ങളും ഇലകളും തലമുടിയ്ക്ക് സമാനമായ ആകൃതിയിലാകും ഉണ്ടാകുക.
പ്രകൃതിയെ മനുഷ്യനുമായി ചേർത്തുനിർത്തുന്ന ഈ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധ നേടുന്നത് ഈജിപ്ത് സറായി എന്ന കുട്ടി മോഡലിന്റെ ചിത്രമാണ്. ഇതിൽ പെൺകുട്ടിയുടെ മുടിയുടെ സ്ഥാനത്ത് അദ്ദേഹം വരച്ച പിങ്ക് പൂക്കളും ഒരു ഭാഗത്ത് തലയ്ക്ക് മുകളിൽ മുടിയായി മാറുന്ന പിങ്ക് പൂക്കളുടെ ഒരു മരവും അദ്ദേഹത്തിന്റെ സൃഷ്ടിയിൽ കാണാം. കാഴ്ചയിൽ കൗതുകം നിറയ്ക്കുന്ന ഈ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സോഷ്യൽ ഇടങ്ങളിൽ നിന്നും ലഭിച്ചത്. ഇൻസ്റ്റഗ്രാമിൽ 78 ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ഇപ്പോൾ അദ്ദേഹത്തിന് ഉള്ളത്. മികച്ച പിന്തുണയാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങൾക്കും ലഭിച്ചുകൊണ്ടിരിക്കുന്നതും.
Read also: അന്ന് എല്ലാവരാലും ഒറ്റപ്പെട്ടു; ഇന്ന് വിജയങ്ങളുടെ നെറുകയിലെത്തിയ പത്ത് വയസുകാരി
അതേസമയം ഇരുപത് വർഷം മുമ്പ് നട്ടുവളർത്തിയ ഒരു അസെറോള മരത്തിൽ നിന്നാണ് തനിക്ക് ഈ രീതിയിൽ ചിത്രം വരക്കാനുള്ള പ്രചോദനം ലഭിച്ചതെന്നാണ് ഗോംസ് ട്രിൻഡേഡ് പറയുന്നത്.
Story Highlights: Story behind viral street arts