യാത്രയ്ക്കിടെ ഉടമയെ നഷ്ടപ്പെട്ടു; നാളുകള്‍ക്ക് ശേഷം ദൂരങ്ങള്‍ താണ്ടി തിരികെ നടന്ന് ഉടമയ്ക്കരികിലെത്തിയ നായ
ചില കഥകള്‍ കേള്‍ക്കുമ്പോള്‍, ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നു പോലും നാം ചിന്തിച്ചുപോകാറുണ്ട്. അത്തരത്തില്‍ അവിശ്വസനീയമായ ഒരു കഥയാണ് ബോബി എന്ന നായയുടേതും. വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഈ കഥയ്ക്ക്. എങ്കിലും ബോബി എന്ന നായയുടെ കഥ അടുത്തറിയുമ്പോള്‍ വല്ലത്തോരും സ്നേഹവും ഇഷ്ടവും എല്ലാം ആ നായ്ക്കുട്ടിയോട് ആര്‍ക്കും തോന്നിപ്പോകും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1923-ല്‍ ഒരു ഓഗസ്റ്റ് മാസം. ബോബി എന്ന നായ തന്റെ ഉടമകളായ ബ്രസിയര്‍ കുടുംബത്തോടൊപ്പം ഒരു യാത്ര പോയി. ഒറിഗോണിലെ സില്വര്ട്ടണിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഇന്‍ഡ്യാനയിലെ വോള്ക്കോട്ടിലേയ്ക്കായിരുന്നു അവരുടെ യാത്ര. എന്നാല്‍ വഴിയില്‍വെച്ച് ചില തെരുവുനായ്ക്കള്‍ ബോബിയെ ആക്രമിച്ചു. പെട്ടെന്ന് ഭയന്ന് പോയ ബോബി എങ്ങോട്ടോ ഓടിപ്പോയി.
Read more: താഴ്ന്ന് പറന്ന ഡ്രോൺ വായിലാക്കി ചീങ്കണി; സോഷ്യൽ ഇടങ്ങളിൽ ചർച്ചയായി വിഡിയോ
ഏറെ നേരം ഉടമയും കുടുംബവും നായയെ നോക്കി നിന്നെങ്കിലും അത് തിരികെ എത്തിയില്ല. അവര്‍ യാത്ര തുടരുകയും ചെയ്തു. നാളുകള്‍ കടന്നുപോയി. ആറ് മാസങ്ങള്‍ക്ക് ശേഷം ഫെബ്രുവരിയില്‍ നായ അവരുടെ വീട്ടിലേയ്ക്ക് എത്തി. 2500 മൈല്‍ ദൂരം നടന്ന്. ഉടമയുടെ മണം പിടിച്ചാണ് നായ എത്തിയതെന്ന് കരുതപ്പെടുന്നു.
ബോബിയുടെ മടങ്ങിവരവ് അറിഞ്ഞപ്പോള്‍ അത് വലിയ വാര്‍ത്തയായി. പലരും നായ്ക്കുട്ടിയെ സന്ദര്‍ശിക്കാനെത്തി. കൂടുകളും ഭക്ഷണങ്ങളുമെല്ലാം സമ്മാനിച്ചു. എന്നാല്‍ ഏറെ ദൂരം നടന്നതുകൊണ്ടുതന്നെ നായ്ക്കുട്ടിയുടെ ആരോഗ്യം മോശമായ അവസ്ഥയിലെത്തിയിരുന്നു. 1927-ല്‍ ബോബി മരണത്തിന് കീഴടങ്ങുകയും ചെയ്തു. മരണപ്പെട്ടിട്ടും ആ നായയെ സില്‍വര്‍ട്ടണ്‍ ദേശക്കാര്‍ മറന്നില്ല. അവന്റെ ചിത്രങ്ങളും പ്രതിമയുമെല്ലാം തെരുവില്‍ സ്ഥാനം പിടിച്ചു.
Story highlights: Story of Bobbie the Wonder Dog