ഇന്ന് ലോക ഹൃദയദിനം; ഹൃദയ സംരക്ഷണത്തിന് ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

September 29, 2021
Strategies to prevent heart disease, World Heart Day

സെപ്റ്റംബര്‍ 29, ലോക ഹൃദയദിനം ആണ്. എല്ലാ പ്രായത്തിലും ഹൃദയത്തെ സംരക്ഷിക്കേണ്ടതുണ്ട്. കാരണം ഹൃദയസംബന്ധമായ അസുഖങ്ങള്‍ വളരെ കൂടുതലായി കാണപ്പെടാറുണ്ട് ഇക്കാലത്ത്. പ്രായമായവര്‍ക്കിടയില്‍ മാത്രമല്ല ചെറുപ്പക്കാരുടെ ഇടയിലും ഇന്നു ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. മാറുന്ന ജീവിതശൈലിയും കൃത്യതയില്ലാത്ത ശീലങ്ങളും ഭക്ഷണരീതിയിലെ വൈകൃതങ്ങളുമൊക്കെയാണ് യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതമുണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍. യുവാക്കള്‍ക്കിടയിലും ഹൃദ്രോഗം വര്‍ധിച്ചു വരുന്ന ഇക്കാലഘട്ടത്തില്‍ ഹൃദയത്തെ സംരക്ഷിക്കാന്‍ ഏതെല്ലാം കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം.

ഉറക്കം- ഹൃദയാരോഗ്യത്തിന് കൃത്യമായ ഉറക്കം ആവശ്യമാണ്. തുടര്‍ച്ചയായുള്ള ഉറക്കക്കുറവും ഹൃദയാഘാതത്തിന് കാരണമായേക്കും. സ്ഥിരമായി ആറ് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരുടെ ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. യുവാക്കള്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം ശീലമാക്കണം.

പുകവലി വേണ്ട- ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്ന ഒരു ദുശീലമാണ് പുകവലി. യുവാക്കള്‍ക്കിടയില്‍ ഈ ദുശീലം ഇന്നു വര്‍ധിച്ചു വരുന്നുണ്ട്. പുക വലിക്കുന്നവരിവരുടെ ഇടയില്‍ മാത്രമല്ല, പുക വലിക്കുന്നവരുടെ അടുത്തുനില്‍ക്കുന്നവര്‍ക്കും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ പുകവലി ശീലമുള്ളവര്‍ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്. അതുപോലെതന്നെ പുകവലിക്കുന്നവരുടെ സമീപത്തുനിന്നും മാറിനില്‍ക്കാനും ശ്രമിക്കുക.

മദ്യപാനം നിയന്ത്രിക്കുക- അമിതമായ മദ്യപാനവും ഹൃദയാരോഗ്യത്തിന് ദോഷകരമാണ്. മദ്യപാനം പരമാവധി നിയന്ത്രിക്കുന്നതാണ് നല്ലത്.

ഉപ്പും മധുരവും അധികം വേണ്ട- ഭക്ഷണത്തില്‍ അമിതമായി ഉപ്പും മധുരവും ഉപയോഗിക്കുന്നതും ഹൃദയത്തിന് അത്ര നല്ലതല്ല. ഇവയുടെ ഉപയോഗം കുറയ്ക്കുന്നതു വഴി പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയെ കൃത്യമാക്കാന്‍ സാധിക്കും. ഉപ്പിന്റെയും പഞ്ചസാരയുടെയും അളവു കുറയ്ക്കുന്നതു വഴി ഹൃദയാഘാത്തെയും ചെറുക്കാം.

ഫാസ്റ്റ്ഫുഡ് നിയന്ത്രിക്കാം- ഫാസ്റ്റ്ഫുഡ് അമിതമായി കഴിക്കുന്നവരിലും ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണ്. അമിതമായി ഫാസ്റ്റ്ഫുഡിനെ ആശ്രയിക്കുന്നവരാണ് ഇന്ന് യുവാക്കളില്‍ മിക്കവരും. എന്നാല്‍ ഇത് ഹൃയത്തിന് ദോഷം ചെയ്യും. ഫാസ്റ്റ് ഫുഡിനു പകരം നല്ല നാടന്‍ ഭക്ഷണരീതി ശീലമാക്കുന്നതാണ് ഹൃദയാരോഗ്യത്തിന് കൂടുതല്‍ ഉത്തമം.

വ്യായാമം- വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരും അമിത വണ്ണമുള്ളവരും ദിവസവും വ്യായാമം ശീലമാക്കണം. കൃത്യമായ വ്യായാമത്തിലൂടെ ശരിരത്തില്‍ അടിഞ്ഞുകൂടുന്ന അമിതതോതിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും. ഇതുവഴി ഹൃദയത്തെയും ആരോഗ്യപൂര്‍ണ്ണമായി സംരക്ഷിക്കാനാകും.

Story highlights: Strategies to prevent heart disease, World Heart Day