പാട്ടുകള്‍ പാടി ഗിന്നസ് നേട്ടം കൊയ്ത് ദുബായിലെ മലയാളി വിദ്യാര്‍ത്ഥിനി

September 29, 2021
Suchetha Satish got Guinness World Record for singing different language songs

സ്വന്തം പേരില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ പലരുണ്ട്. ചിലര്‍ ഇതിനായി കഠിനമായി പരിശ്രമിക്കുന്നു. ഒടുവില്‍ അവര്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാതാകരിക്കുകയും ചെയ്യും. സുജേത സതീഷ് എന്ന മിടുക്കിയും ഒരു റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഏറ്റവും അധികം ഭാഷകളില്‍ തുടര്‍ച്ചയായി ഗാനം ആലപിച്ചാണ് ചരിത്ര നേട്ടം ഈ മിടുക്കി സ്വന്തമാക്കിയത്.

മലയാളിയാണ് സുജേത. അതുകൊണ്ടുതന്നെ ഈ നേടത്തില്‍ കേരളക്കരയ്ക്കുമുണ്ട് ഏറെ അഭിമാനം. ദുബായിലെ ഒരു സംഗീത പരിപാടിയില്‍ വിവിധ ഭാഷകളില്‍ പാട്ട് പാടിയാണ് ഈ മിടുക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്. പതിനാറ് വയസ്സാണ് സുജേതയുടെ പ്രായം. ചെറുപ്രായത്തില്‍ തന്നെ പാട്ടുകള്‍ പാടി ലോകശ്രദ്ധ നേടിയിരിക്കുകയാണ് ഈ മിടുക്കി. മനോഹരമായ സ്വരമാധുര്യവും സുജേതയുടെ ആകര്‍ഷണമാണ്.

Read more: ആസ്വാദകര്‍ക്ക് ഗാനവന്തമൊരുക്കി ശ്രീനന്ദയുടെ പാട്ട്; ആരും കൈയടിക്കുന്ന പാട്ട് പ്രകടനം

120 ഭാഷകളിലെ മനോഹരമായ ഗാനങ്ങള്‍ അതിമനോഹരമായി സുജേത ആലപിച്ചു. അതും ഗാനത്തിന്റെ ഭാവവും താളവും ചോരാതെ. ഏഴ് മണിക്കൂറും ഇരുപത് മിനിറ്റും നിര്‍ത്താതെ പാടി എന്നതും ഈ മിടുക്കിയെ ശ്രദ്ധേയമാക്കി. വിവിധ ഭാഷകളില്‍ അനായാസമായി പാട്ടുകള്‍ പാടുന്ന സുജേത ആരേയും അതിശയിപ്പിയ്ക്കുന്ന പാട്ട് പ്രകടനമാണ് ദുബായില്‍ കാഴ്ചവെച്ചത്.

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അധികൃതരുടേയും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ. അമന്‍ പുരിയുടേയും മറ്റ് നിരവധി പ്രമുഖരുടേയും സാന്നിധ്യത്തിലായിരുന്നു സുജേതയുടെ വേറിട്ട സംഗീത വിരുന്ന് അരങ്ങേറിയത്. ദുബായി ഇന്ത്യന്‍ ഹൈസ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് സുജേത. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയതോടെ നിരവധിപ്പേരാണ് മിടുക്കിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും.

Story highlights: Suchetha Satish got Guinness World Record for singing different language songs