12 മണിക്കൂർ കടലിൽ അകപ്പെട്ടു; യുവാവിന് തുണയായത് ഡോൾഫിനുകൾ
മനുഷ്യൻ മൃഗങ്ങളെയും പക്ഷികളെയുമൊക്കെ പലവിധ അപകടങ്ങളിൽ നിന്നും രക്ഷിക്കുന്നതിന്റെ വാർത്തകളും ചിത്രങ്ങളുമൊക്കെ നാം കാണാറുണ്ട്. ഇപ്പോഴിതാ ഏറെ ശ്രദ്ധേയമാകുകയാണ് നടുക്കടലിൽ അകപ്പെട്ട യുവാവിന് പന്ത്രണ്ട് മണിക്കൂറുകളോളം സഹായകമായ ഡോൾഫിനുകൾക്കുറിച്ചുള്ള വാർത്തകൾ. അയർലണ്ടിലാണ് സംഭവം. വെള്ളത്തിൽ അകപ്പെട്ട നീന്തൽക്കാരനായ യുവാവിന് വേണ്ടിയുള്ള തിരച്ചിലുകൾക്കിടയിലാണ് ഒരു കൂട്ടം ഡോൾഫിനുകൾ അദ്ദേഹത്തെ സഹായിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കരയിൽ നിന്നും നാല് കിലോമീറ്റർ ദൂരത്തായാണ് നീന്തൽക്കാരനെ കണ്ടെത്തിയത്.
അയർലണ്ടിലെ കാസിൽ ഗ്രിഗറി ബീച്ചിലാണ് സംഭവം. ആഴക്കടലിൽ നീന്താനായി ഇറങ്ങിയതാണ് ഈ യുവാവ്. എന്നാൽ വേണ്ടത്ര പരിശിലീനവും തയാറെടുപ്പുകളും ഇല്ലാത്തതിനാൽ യുവാവ് കടലിൽ അകപ്പെടുകയായിരുന്നു. നീന്തലിനിടയിൽ നിയന്ത്രണം നഷ്ടമായ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ തീരത്തടിഞ്ഞതായി കണ്ടെത്തിയതോടെയാണ് നീന്തൽക്കാരനായ യുവാവിന് അപകടം സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് രക്ഷാപ്രവർത്തകർ അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. എന്നാൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് രക്ഷാപ്രവർത്തകർ യുവാവിനെ കണ്ടെത്തിയത്.
തിരച്ചിലിനിടെയിൽ ഒരു ഭാഗത്ത് കൂട്ടമായി ഡോൾഫിനുകളെ കണ്ടതോടെ രക്ഷാപ്രവർത്തകർ അവിടേക്ക് എത്തുകയായിരുന്നു. മറ്റ് കടൽ ജീവികളിൽ നിന്നും അദ്ദേഹത്തിന്റെ സംരക്ഷിക്കുക എന്നതായിരുന്നു ഇവയുടെ ലക്ഷ്യം എന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം. തുടർന്ന് അധികൃതർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കടലിൽ വസ്ത്രം പോലുമില്ലാതെ മണിക്കൂറുകളോളം അകപ്പെട്ടിട്ടും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ഭാഗ്യം കൊണ്ടാണെന്നാണ് രക്ഷാപ്രവർത്തകർ അഭിപ്രായപ്പെടുന്നത്.
Story highlights: Swimmer Found Surrounded By Dolphins After 12 Hours At Sea