ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ തുറന്ന് തമിഴകം; വിജയ് സേതുപതിയുടെ ലാബം പ്രേക്ഷകരിലേക്ക്
കൊവിഡ് മഹാമാരി മൂലം സിനിമ മേഖല ഉൾപ്പെടെ ഏറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സിനിമ പ്രദർശനം തിയേറ്ററുകളിൽ നിന്നും ഒടിടി പ്ലാറ്റ് ഫോമുകളിലേക്കും മാറിയിരുന്നു. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടിൽ തിയേറ്ററുകൾ വീണ്ടും സജീവമാകാൻ തുടങ്ങുകയാണ്. വിജയ് സേതുപതി നായകനാകുന്ന ലാബം എന്ന ചിത്രമാണ് തിയേറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയത്. നാല് മാസങ്ങൾക്ക് ശേഷമാണ് ഇന്ന് തമിഴ്നാട്ടിൽ തിയേറ്ററുകൾ തുറക്കുന്നത്.
വിജയ് സേതുപതിക്കൊപ്പം ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് എസ് പി ജനനാഥനാണ്. വിജയ് സേതുപതിയും എസ് പി ജനനാഥനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലാബം. വിജയ് സേതുപതി ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ വില്ലനായി വേഷമിടുന്നത് ജഗപതി ബാബുവാണ്.
Read also : കൊവിഡിന് പിന്നാലെ പ്രളയജലവും; ബോട്ടിൽ ക്ലാസുകൾ എടുത്ത് അധ്യാപകർ
അതേസമയം കൈനിറയെ ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള നായകനാണ് വിജയ് സേതുപതി. തമിഴിന് പുറമെ അന്യഭാഷകളിലേക്കും ചുവടുവെച്ച താരം ’19 (1)(എ)’ എന്ന മലയാളം ചിത്രത്തിലും അടുത്തിടെ വേഷമിട്ടിരുന്നു. സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന മുംബൈകർ എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാനഗരത്തിന്റെ റീമേക്കാണ് മുംബൈകർ. വിജയ് സേതുപതിക്കൊപ്പം, വിക്രാന്ത് മസ്സേ, ടാനിയ മണിക്ടാല, സഞ്ജയ് മിശ്ര, രൺവീർ ഷോറി, സച്ചിൻ ഖേദേക്കർ എന്നിവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Story highlights:tamilnadu theaters opening with Vijay Sethupathy film