അഭിനയമികവുകൊണ്ട് പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ മെക്കാനിക്കല്‍ എഞ്ചിനീയര്‍; അഭിനയ കലയില്‍ അരനൂറ്റാണ്ട് പിന്നിട്ട് ടി ജി രവി- സ്നേഹാദരം
സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന നടനാണ് ടി ജി രവി. വര്‍ണ്ണനകള്‍ക്ക് അതീതമായ അഭിനയ വൈഭവം. പതിറ്റാണ്ടുകളേറെയായി ഓരോ കഥാപാത്രങ്ങളെയും അതിന്റെ പരിപൂര്‍ണ്ണതയില്‍ അവതരിപ്പിച്ച് താരം കൈയടി നേടുന്നു, പ്രേക്ഷകമനസ്സുകളില്‍ കുടിയിരിക്കുന്നു. അഭിനയ കലയില്‍ അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് താരം. സ്കൂള്‍ കാലഘട്ടം മുതല്ക്കേ നാടകങ്ങളിലൂടെ ശ്രദ്ധ നേടിയ ടി ജി രവി അഭിനയിക്കാന്‍ തുടങ്ങിയിട്ട് അന്‍പത് വര്‍ഷങ്ങള്‍ കടന്നു.
അഭ്യുദയകാംഷികളുടേയും ആസ്വാദകരുടേയും നേതൃത്വത്തില്‍ തൃശ്ശൂരില്‍ അദ്ദേഹത്തിന് പ്രത്യേകമായ സ്നേഹാദരവും നല്കി. മന്ത്രി കെ രാജന്, ജയരാജ് വാരിയര്‍, ശിവജി ഗുരുവായൂര്‍, ഷൈജു അന്തിക്കാട്, എന്‍ അരുണ്‍, മുന്‍ എംഎല്‍എ കെ വി അബ്ദുള്‍ഖാദര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
1944 മെയ് 16 ന് തൃശ്ശൂര്‍ ജില്ലയിലെ മൂര്‍ക്കനിക്കര എന്ന ഗ്രാമത്തിലായിരുന്നു ടി ജി രവിയുടെ ജനനം. പഠനത്തില്‍ മിടുക്കന്. അതുകൊണ്ടുതന്നെ എഞ്ചിനീയറിങ്ങായിരുന്നു ഉപരിപഠനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തതും. കേരള സര്‍വ്വകലാശാലയുടെ കീഴില്‍ തൃശ്ശൂര്‍ എന്‍ജിനീയറിംഗ് കോളേജിലും കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലുമായിട്ടായിരുന്നു എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസം. 1969- ല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി.
കോളജ് ജീവിതത്തിനിടെയിലും കലയോട് അടുപ്പം പുലര്‍ത്തിയിരുന്നു ടി ജി രവിയെന്ന ടി.ജി. രവീന്ദ്രനാഥന്‍. നാടകത്തിലൂടെ യൂണിവേഴ്സിറ്റി തലത്തില്‍തന്നെ ശ്രദ്ധ നേടി. അഭിനയത്തിനു പുറമെ ഫുട്ബോള്‍, ഹോക്കി തുടങ്ങിയ കായിക ഇനങ്ങളിലും പ്രതിഭ തെളിയിച്ചു.
Read more: മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ; മിന്നല്‍ മുരളിയെ പരിചയപ്പെടുത്തി സ്പെഷ്യല്‍ വിഡിയോ
ഉത്തരായനം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള ചലച്ചിത്രരംഗത്തേയ്ക്കുള്ള ടി ജി രവിയുടെ അരങ്ങേറ്റം. രാമവര്‍മ്മപുരത്തുള്ള തൃശ്ശൂര്‍ ആകാശവാണിയില്‍ പാര്‍ട് ടൈമായി ജോലി ചെയ്യുന്ന സമയത്ത് സാഹിത്യകാരനും തിരക്കഥാകൃത്തുമായ തിക്കോടിയനെ കണ്ടുമുട്ടിയതാണ് ടി ജി രവിയുടെ സിനിമാ ജീവിതത്തിന് വഴിത്തിരിവായത്. തിക്കോടിയന് ആണ് ഇദ്ദേഹത്തെ സംവിധായകന് അരവിന്ദനുമായി പരിചയപ്പെടുത്തിയത്, അതുവഴി ഉത്തരായനം എന്ന സിനിമയിലുമെത്തി.
ജയന് നായകനായി അഭിനയിച്ച ചാകര എന്ന ചിത്രത്തില്‍ ടി ജി രവി അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അക്കാലത്ത് ഇറങ്ങിയ നിരവധി ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം കൈയടി നേടി.
1970- 80 കാലഘട്ടങ്ങളില്‍ തിളങ്ങിയ ടി ജി രവി പിന്നീട് ഏറെക്കാലത്ത് സജീവമായിരുന്നില്ല സിനിമാ രംഗത്ത്. കാല് നൂറ്റാണ്ടിനുശേഷം വീണ്ടും താരം വെള്ളിത്തിരയിലെത്തി. 2006-ല്‍ സിബി മലയില്‍ സംവിധാനം നിര്‍വഹിച്ച അമൃതം എന്ന ചിത്രത്തിലൂടെ. പിന്നീട് വീണ്ടും സിനിമയില്‍ സജീവമായി. തൃശ്ശൂര്‍ പൂരം, പൊറിഞ്ചു മറിയം ജോസ്, തൃശ്ശിവപേരൂര്‍ ക്ലിപ്തം, ജോര്‍ജേട്ടന്‍സ് പൂരം, ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം, അയാള്‍ ഞാനല്ല തുടങ്ങി അഭിനയിക്കുന്ന ഓരോ സിനിമകളിലേയും കഥാപാത്രത്തെ അദ്ദേഹം പരിപൂര്‍ണ്ണതയിലെത്തിക്കുന്നു.
Story highlights: TG Ravi completes 50 years in Malayala Cinema