സംസ്ഥാന ടെലിവിഷന്‍ പുരസ്കാര നിറവില്‍ ‘തരിയോട്’ ഡോക്യുമെന്ററി
2020 കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരം സ്വന്തമാക്കി തരിയോട് എന്ന ഡോക്യുമെന്ററി. മികച്ച എഡ്യുക്കേഷ്ണല്‍ പ്രോഗ്രാമിനുള്ള പുരസ്കാരമാണ് തരിയോട് സ്വന്തമാക്കിയത്. നിര്‍മല്‍ ബേബി വര്‍ഗീസ് ആണ് ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വയനാടിന്റെ സ്വര്‍ണ ഖനന ചരിത്രം പ്രമേയമാക്കി ഒരുങ്ങിയ തരിയോട് അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
മലബാറിലെ സ്വര്‍ണ ഖനനത്തിന്റെ ചരിത്രം അപൂര്‍വ്വ രേഖകളിലൂടെ ആവിഷ്കരിച്ച ഗവേഷണ മികവിനാണ് പുരസ്കാരമെന്ന് പ്രഖ്യാപന വേളയില്‍ മന്ത്രി സജി ചെറിയാന് പറഞ്ഞു. ഹോളിവുഡ് ഇന്റര്‍നാഷണല്‍ ഗോള്‍ഡന്‍ ഏജ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററി, സെവന്‍ത്ത് ആര്‍ട്ട് ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്കാരം, റീല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അവാര്‍ഡ് തുടങ്ങി നിരവധിപുരസ്കാരങ്ങളും തരിയോട് ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.
നിര്‍മല്‍ ബേബി വര്‍ഗീസിന്റെ സംവിധാനത്തില്‍ സിനിമയും ഒരുങ്ങുന്നുണ്ട്. വഴിയെ എന്നാണ് ചിത്രത്തിന്റെ പേര്. കാസര്‍ഗോഡ് ജില്ലയിലെ നിഗൂഢ വഴികളും കരിമ്പാറക്കെട്ടുകളുമൊക്കെ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കും. ഹൊറര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതും. പുതുമുഖങ്ങളായ ജെഫിന് ജോസഫ്, അശ്വതി അനില്‍ കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
‘വഴിയെ’ എന്ന ചിത്രത്തിന് ഹോളിവുഡ് സംഗീതജ്ഞന് ഇവാന് ഇവാന്‍സ് ആണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. അതേസമയം ഫൗണ്ട് ഫൂട്ടേജ് സംവിധാനം ഉപയോഗപ്പെടുത്തി മലയാളത്തില്‍ ആദ്യമായി ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും വഴിയെ എന്ന സിനിമയ്ക്കുണ്ട്.
Story highlights: Thariode documentary wins Kerala State Television Award