പ്രകാശ് രാജിനൊപ്പം അനൂപ് മേനോൻ; വരാൽ ചിത്രീകരണം ആരംഭിച്ചു
അനൂപ് മേനോനും പ്രകാശ് രാജും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം വരാൽ ചിത്രീകരണം ആരംഭിച്ചു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കൽ ഡ്രാമയായാണ് ഒരുങ്ങുന്നത്. ടൈംസ് ആൻഡ് എന്റെർറ്റൈന്മെന്റ്സിന്റെ ബാനറിൽ പി എ സെബാസ്റ്റ്യൻ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ അനൂപ് മേനോനും പ്രകാശ് രാജിനും പുറമെ സുരേഷ് കൃഷ്ണ, രൺജി പണിക്കർ, ശങ്കർ രാമകൃഷ്ണൻ, ഹണി റോസ്, ഗൗരി നന്ദ, ബിനീഷ് ബാസ്റ്റിൻ, കൊല്ലം തുളസി, സുധീർ, നിത പ്രോമി, മൻരാജ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കുട്ടിക്കാനം എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.
അതേസമയം കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ‘മരട് 357’ ആണ് അവസാനം അനൂപ് മേനോന്റേതായി പുറത്തുവന്നത്. 2015 ൽ പ്രദർശനത്തിനെത്തിയെ ‘തിങ്കൾ മുതൽ വെള്ളിവരെ’ എന്ന ചിത്രമാണ് കണ്ണൻ താമരക്കുളം ആദ്യം സംവിധാനം നിർവഹിച്ച ചിത്രം. ജയറാം ആയിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രം. ദിനേശ് പള്ളത്തായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 2016 ൽ ‘ആടുപുലിയാട്ട’വും ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്തു. അറുനൂറ് വർഷങ്ങൾക്ക് മുൻപ് നിലനിന്നിരുന്ന ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കിയതാണ് ഈ ചിത്രം, ജയറാമിന് പുറമെ രമ്യ കൃഷ്ണന്, ഓം പുരി, സമ്പത്ത് രാജ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
Read also: അനുകരണകലയിൽ അതിശയിപ്പിച്ച് ഒരു പക്ഷി; ഹിറ്റായി കുഞ്ഞുങ്ങളുടെ ശബ്ദത്തിൽ കരയുന്ന വിഡിയോ
ജയറാമിനെ നായകനാക്കി ‘അച്ചായൻസ്’, ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ എന്നിവർ ഒന്നിച്ച ‘ചാണക്യതന്ത്രം’, ജയറാം മുഖ്യകഥാപാത്രമായ ‘പട്ടാഭിരാമൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് പുറമെ ‘സുരയാടല്’ എന്ന തമിഴ് ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.
Story highlights: Varal shooting started