നാവിൽ കൊതിയൂറിക്കുന്ന സ്‌ട്രോബറി പാട്ടുമായി അഹാന, ഒപ്പം കുട്ടി തെന്നലും- ഹൃദയംകവർന്ന് ‘തോന്നല്’

October 30, 2021

കുട്ടിക്കാലം മുതൽ നാവിൽ കൊതിയൂറിക്കുന്ന ചില വിഭവങ്ങളുണ്ടാകും എല്ലാവരുടെയും ഉള്ളിൽ. കാരണം, ഇഷ്ട ഭക്ഷണം ആസ്വാദിച്ച് കഴിക്കുമ്പോൾ ലഭിക്കുന്ന തൃപ്തി ഒന്നുവേറെ തന്നെയാണ്. ഭക്ഷണ പ്രിയരായവരുടെ നാവിൽ വെള്ളമൂറിക്കുന്ന ഒരു പാട്ടുമായി എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടന്ന ഒരു രുചിയോർമ്മ തോന്നല് എന്ന മ്യൂസിക് വിഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുകയാണ് നടി.

അഹാന ആദ്യമായി സംവിധാനം നിർവഹിക്കുന്ന ഗാനമാണ് തോന്നല്. ഷർഫുവിന്റെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണം പകർന്ന് ഹാനിയ നഫീസ ആലപിച്ചിരിക്കുന്നു. ഒരു സ്‌ട്രോബെറി പാട്ട് എന്ന് വിശേഷിപ്പിക്കാം ഈ ഗാനം. നിമിഷ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

മ്യൂസിക് വിഡിയോയെക്കുറിച്ച് അഹാന പങ്കുവെച്ച വാക്കുകൾ ശ്രദ്ധനേടിയിരുന്നു. ‘6 മാസം മുമ്പ് ഇത് എന്റെ തലയിൽ മൊട്ടിട്ട ഒരു ചെറിയ വിത്തായിരുന്നു, കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഞങ്ങൾ അതിന് സ്നേഹവും കരുതലും പോഷണവും നൽകി, അത് ജീവൻ പ്രാപിക്കുന്നത് നോക്കി. അതിനാൽ, ഇത് എന്റെ ആദ്യത്തെ കുഞ്ഞാണ്..ഞാൻ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകൾ ഹൃദയത്തിൽ നിന്ന് ഒത്തുചേർന്നു. ഒക്ടോബർ 30 -ന്, തൊന്നൽ നിങ്ങളിലേക്ക് എത്തും’.

Read More: ‘അപ്പു, ഇങ്ങനെയാണ് നിങ്ങൾ എന്റെ ഹൃദയത്തിൽ എന്നും തങ്ങിനിൽക്കാൻ പോകുന്നത്’; പുനീതിനൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് ഭാവന- വിഡിയോ

അതേസമയം, നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന അഭിനയത്തിൽ സജീവമാകുകയാണ്. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്. അതേസമയം, സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലും അഹാന വേഷമിടുന്നുണ്ട്.

Story highlights- ahaana krishna’s thonnal music video