മഹാകവി അക്കിത്തം മരണത്തിന്റെ തമസ്സിലേക്ക് അകന്നിട്ട് ഒരു വർഷം
വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം…. ആ വരികൾ മാത്രം മതി അക്കിത്തം അച്യുതൻ നമ്പൂതിരിയിലെ കവിയുടെ ശോഭയറിയാൻ. മലയാളത്തിന്റെ ആ മഹാകവി ഓർമയായിട്ട് ഒരു വർഷം. അക്കിത്തത്തെ 94 വയസ്സിൽ മരണം കവർന്നപ്പോൾ നികത്താനാവാത്ത ആ വേർപാടിന്റെ നൊമ്പരം ഇന്നും നിഴലിക്കുന്നുണ്ട് മലയാള സാഹിത്യലോകത്ത്.
ജ്ഞാനപീഠം ജേതാവായ അക്കിത്തം; കവി എന്നതിലുമുപരി ദേശീയ പ്രസ്ഥാനത്തിലും യോഗ ക്ഷേമാ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനം എന്നീ വിഭാഗങ്ങളിലായി അദ്ദേഹം കുറിച്ച വാക്കുകളും വരികളുമെല്ലാം മനുഷ്യന്റെ വികാരങ്ങളുടെ പ്രതിഫലനം കൂടിയാണ്.
1926 മാർച്ച് 18- ന് അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടേയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റേയും മകനായിട്ടായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ജനനം. എട്ട് വയസ്സുമുതൽ അദ്ദേഹം കവിത എഴുതിത്തുടങ്ങി. വി ടി ഭട്ടതിരിപ്പാട്, ഉറൂബ്, ഇടശ്ശേരി എന്നിവരുമായി പ്രത്യേകമായ അടുപ്പം സൂക്ഷിച്ചിരുന്നു അദ്ദേഹം. നമ്പൂതിരി സമൂദായത്തിന്റെ വളർച്ചയ്ക്ക് യോഗക്ഷേമാ സഭയിലും പ്രവർത്തിച്ചു. മാത്രമല്ല മഹാത്മാ ഗാന്ധി നേതൃത്വം നൽകിയ ദേശീയ പ്രസ്ഥാനത്തിലും സജീവമായിരുന്നു അക്കിത്തം. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്, കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആകാശവാണിയിലെ ഉദ്യോഗസ്ഥനായും സേവനമനുഷ്ടിച്ചു.
Read more: ഉയരം 215.16 സെന്റീമീറ്റർ; ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പെൺകുട്ടി എന്ന റെക്കാർഡ് ഈ മിടുക്കിക്ക്
ജ്ഞാനപീഠ പുരസ്കാരത്തിന് പുറമെ, പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, പുതൂർ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, ഓടക്കുഴൽ അവാർഡ്, വയലാർ അവാർഡ് എന്നിവയെല്ലാം അക്കിത്തം അച്യുതൻ നമ്പൂതിരി എന്ന അതുല്യ പ്രതിഭയെ തേടിയെത്തി. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, പണ്ടത്തെ മേൽശാന്തി, മനസാക്ഷിയുടെ പൂക്കൾ, നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ തുടങ്ങി നിരവധിയാണ് അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞ സൃഷ്ടികൾ…
Story highlights: Akkitham Achuthan Namboothiri Memories