വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പൗരോഹിത്യ സ്വീകരണ ശതാബ്ദിയോടനുബന്ധിച്ച് പുറത്തിറങ്ങിയ നാല് ആൽബം ഗാനങ്ങൾ ശ്രദ്ധനേടുന്നു
ദൈവത്തിന്റെ കരുണാർദ്ര സ്നേഹത്തെക്കുറിച്ച് ധ്യാനിക്കാനും അതുവഴി ദൈവകാരുണ്യങ്ങളിലേക്ക് എത്തിച്ചേരാനും എന്നും ഭക്തരെ പ്രേരിപ്പിക്കുന്നത് സ്തുതിഗീതങ്ങളാണ്. ഓരോ വ്യക്തിയുടെയും ഉള്ളിൽ ദൈവീകത നിറയ്ക്കാൻ ഗാനങ്ങളിലൂടെയുള്ള പ്രാർത്ഥന സഹായിക്കും. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പൗരോഹിത്യ സ്വീകരണ ശതാബ്ദിയോടനുബന്ധിച്ച് ഡ്രോപ്സ് മീഡിയ എന്റർടൈൻമെന്റിന്റെ ബാനറിൽ ഒരുങ്ങിയ സ്തുതി ഗീതങ്ങളും ഭക്തലക്ഷങ്ങളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ്.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തീർത്ഥാടന കേന്ദ്രത്തിന് വേണ്ടി പുറത്തിറക്കിയ നാല് ആൽബം സോങ്ങുകളാണ് ശ്രദ്ധനേടുന്നത്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പൗരോഹിത്യ സ്വീകരണ ശതാബ്ദിയോടനുബന്ധിച്ചുളള ഗാനോപഹാരമാണ് ഈ ഗാനങ്ങൾ. നാല് ഘട്ടമായിട്ടാണ് നാലു ആൽബങ്ങളും പുറത്തിറക്കിയത്. ആൽബങ്ങളുടെ പ്രകാശന കർമ്മം നിർവ്വഹിച്ചത് പാലാ രൂപതയുടെ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോടുള്ള ആദരവും സ്നേഹവും ഗാനങ്ങളിലൂടെ നിർവ്വഹിക്കുമ്പോൾ അതിന് ഒരു പുതിയ മാനം കൈവരുന്നുവെന്നാണ് പ്രകാശന കർമ്മം നിർവ്വഹിച്ചു കൊണ്ട് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്.
ചടങ്ങിൽ രാമപുരം ഇടവക വികാരി റവ ഡോക്ടർ ജോർജ് വർഗീസ് ഞാറക്കുന്നേൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. മാണി കൊഴുപ്പൻകുറ്റി, ഫാ. ജോർജ്ജ് ഈറ്റക്കക്കുന്നേൽ, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, വൈസ് പോസ്റ്റുലേറ്റർ ഫാ.സെബാസ്റ്റ്യൻ നടുത്തടം, കൈക്കാരന്മാർ, സഹകാരികൾ, സംഗീത സംവിധായകൻ സിനോ ആന്റണി, ഗായകരായ ശില്പ രാജു, ഓവിയാറ്റ്സ് അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു. ‘കുഞ്ഞുങ്ങളുടെ കുഞ്ഞച്ചൻ’ , ‘ദിവ്യ സാന്നിധ്യം’, ’സംഗീതാർച്ചന’, ‘പാവങ്ങൾക്ക് കാവൽ’ എന്നീ നാലു ആൽബങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ജീവിത യാത്രയാണ്.
ആസ്വാദനത്തിന്റെ മനോഹാരിതയ്ക്കപ്പുറം ഭക്തിയുടെ ആഴങ്ങളിലേക്കാണ് ഈ ഗാനങ്ങൾ കൊണ്ടെത്തിക്കുന്നത്. ഓരോ വരികളിലും പുണ്യാത്മാവിന്റെ ഓർമ്മകളാണ് നിറയുന്നത്. ആദ്യം പുറത്തിറങ്ങിയത് ‘കുഞ്ഞുങ്ങളുടെ കുഞ്ഞച്ചൻ’ എന്ന ആൽബമാണ്. ഈ ഗാനത്തിന്റെ വരികൾ രചിച്ചത് രാമപുരം തീർത്ഥാടന കേന്ദ്രം വൈസ് പോസ്റ്റുലേറ്റർ ആയിരിക്കുന്ന ബഹു. ഫാ. സെബാസ്റ്റ്യൻ നടുത്തടമാണ്. രണ്ടാമത്തെ ആൽബമായ ദിവ്യ സാന്നിധ്യം എന്ന ആൽബത്തിന്റെ രചന പാലാ രൂപതയുടെ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ്. നാലാമത്തെ ഗാനമായ ‘പാവങ്ങൾക്ക് കാവൽ’ എന്ന ആൽബത്തിന്റെ വരികൾ ഫാ റോയി കണ്ണൻചിറ സി.എം. ഐ ആണ്.
ഈ മൂന്ന് ആൽബങ്ങൾക്കും സംഗീതം പകർന്നിരിക്കുന്നത് സിനോ ആന്റണിയാണ്. മൂന്നാമതായി പുറത്തിറങ്ങിയ ഗാനം വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോടുള്ള മനോഹരമായ ഒരു കീർത്തമാണ്. സംഗീതാർച്ചന എന്നു പേരിട്ടിരിക്കുന്ന ഈ കീർത്തനം രാമപുരം ഇടവകക്കാരൻ കൂടിയായ ഫാ.സ്റ്റെഫിൻ തൈരംചേരിൽ ഒ. പരേം ആണ്. വരികളും സംഗീതവും നൽകിയത് ദേശമംഗലം നാരായണൻ നമ്പൂതിരിപ്പാടാണ്. കുമാരി ഒവിയാറ്റസ് അഗസ്റ്റിൻ, റിയാലിറ്റി ഷോ ഫേയിം സഞ്ജയ് വി ഐസൺ, ജിൻസ് ഗോപിനാഥ്, ശിൽപാ രാജു , ഫാ. സ്റ്റെഫിൻ തൈരംചിറയിൽ എന്നിവരാണ് ഈ സംഗീത ആൽബങ്ങളിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സി 30 പ്രൊഡക്ഷൻസ് ആണ് ആൽബങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്. മലയാള പിന്നണി സംഗീത ലോകത്തെ നിരവധി പ്രഗത്ഭരുടെ കയ്യൊപ്പും ഈ ഗാനങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
Story highlights- blessed kunjachan album songs