ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡിലേയ്ക്ക്; ചുപ് ഒരുങ്ങുന്നു

October 10, 2021
Dulquer Salmaan Cup Bollywood Movie Motion Poster

മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങിലും സാന്നിധ്യമറിയിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. ചുപ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

ആര്‍ ബാല്‍കിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘ഒരു കലാകാരന്റെ പ്രതികാരം’ എന്ന ടാഗ്-ലൈനോടെയാണ് ചുപ് പ്രേക്ഷകരിലേക്കെത്തുന്നത്. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന സിനിമ കൂടിയാണ് ചുപ്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ ഗുരു ദത്തിനുള്ള ആദരമായാണ് ചുപ് ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഇതൊരു ബയോപിക് അല്ല എന്ന് സംവിധായകന്‍ നേരത്തെ വിശദീകരിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനോടൊപ്പം സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

കര്‍വാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ചതാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇര്‍ഫാന്‍ ഖാന്‍ നായകനായെത്തിയ ഈ ചിത്രം 2018-ലാണ് പ്രേക്ഷകരിലേയ്ക്കെത്തിയത്. തുടര്‍ന്ന് സോയ ഫാക്ടര്‍ എന്ന ബോളിവുഡ് ചിത്രത്തിലും ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായെത്തി. ക്രിക്കറ്റ്താരമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തിയ ദ് സോയാ ഫാക്ടര്‍ എന്ന ചിത്രവും മികച്ച സ്വീകാര്യത നേടി. താരം പ്രധാന കഥാപാത്രമായെത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്.

Story highlights: Dulquer Salmaan Cup Bollywood Movie Motion Poster