പ്രിയനടന് നെടുമുടി വേണു കാലയവനികയ്ക്ക് പിന്നില്‍ മറയുമ്പോള്‍…
മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്ന് വിശേഷിപ്പിക്കാറുണ്ട്. പലപ്പോഴും അത് ശരിയാണെന്ന് തോന്നും. അത്രമേല്‍ പ്രിയപ്പെട്ടവരെ മുന്നറിയിപ്പില്ലാതെയാണ് മരണം കവര്ന്നെടുക്കാറ്. മലയാളികളുടെ പ്രിയ നടന് നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു പ്രായം. തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ഉദര സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് നെടുമുടി വേണുവിന്റേത്.
അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണതയിലെത്തിച്ച നടനാണ് നെടുമുടി വേണു. അഞ്ഞൂറിലധികം സിനിമകളില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന് പകര്‍ന്നു. കലാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് നെടുമുടി വേണു. അഭിനയ കലയുടെ ആഴവും പരപ്പുമെല്ലാം ആവോളം ജീവിതത്തില്‍ പ്രതിഫലിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ 1948 മെയ് 22 നാണ് നെടുമുടി വേണുവിന്റെ ജനനം. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. പത്രപ്രവര്‍ത്തകനായും കോളജ് അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുള്ള കെ വേണുഗോപാല്‍ എന്ന നെടുമുടി വേണു അഭിനയ രംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. നാടക അഭിനയ രംഗത്ത് നിന്നുമാണ് അദ്ദേഹം സിനിമയിലേയ്ക്ക് എത്തിയത്.
1978-ല്‍ അരവിന്ദന് സംവിധാനം നിര്‍വഹിച്ച തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള ചലച്ചിത്ര ലോകത്തേക്കുള്ള നെടുമുടി വേണുവിന്റെ അരങ്ങേറ്റം. തുടര്‍ന്ന് ഭരതന് സംവിധാനം നിര്‍വഹിച്ച ആരവം എന്ന ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി. പത്മരാജന് സംവിധാനം നിര്‍വഹിച്ച ഒരിടത്തൊരു ഫയല്വാന് എന്ന ചിത്രത്തിലെ വേഷവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. സംഭാഷണ ശൈലിയും അഭിനയ മികവുമെല്ലാം നെടുമുടി വേണു എന്ന കഥാപാത്രത്തിന്റെ എടുത്തുപറയേണ്ടുന്ന പ്രത്യേകതകള്‍ തന്നെയാണ്.
1990-ല്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നെടുമുടി വേണുവിനെ തേടിയെത്തി. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയ മികവിനായിരുന്നു പുരസ്കാരം. 2003-ല്‍ മാര്‍ഗം എന്ന ചിത്രത്തിലെ അഭിനയത്തിനും ദേശീയ തലത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. രണ്ട് തവണ മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്കാരവും നെടുമുടി വേണുവിന് ലഭിച്ചു. 1987-ല്‍ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിനും 2003-ല്‍ മാര്‍ഗം എന്ന ചിത്രത്തനും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി.
Story highlights: Evergreen actor Nedumudi Venu passed away