ഐപിഎല്‍: കൊല്‍ക്കത്തയെ തകര്‍ത്ത് വിജയകിരീടം ചൂടി ചെന്നൈ സൂപ്പര്‍ കിങ്സ്
നാളുകളായി ക്രിക്കറ്റ് ആവേശം അലയടിക്കുകയായിരുന്നു കായികലോകത്ത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാലാം സീസണിന്റെ ആവേശത്തിന് ഒടുവില്‍ പരിസമാപ്തിയായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് ഗംഭീര വിജയം നേടി കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ധോണിനായകനായ ചെന്നൈ സൂപ്പര്‍ കിങ്സ് തകര്‍പ്പന്‍ വിജയം തന്നെയാണ് സ്വന്തമാക്കിയത്. 27 റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിജയം. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നാലാമത്തെ ഐപിഎല്‍ കിരീടമാണ് ഇത്.
ടോസ് നേടിയ കൊല്‍ക്കത്ത ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് ചെന്നൈ സൂപ്പര്‍ കിങ്സ് അടിച്ചെടുത്തു. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലായിരുന്നു ഐപിഎല്‍ പതിനാലാം സീസണിന്റെ ഫൈനല്‍. നിര്‍ണായക മത്സരത്തില്‍ ഓപ്പണര്‍ ഫാഫ് ഡുപ്ലേസിയുടെ അര്‍ധസെഞ്ചുറി മികവ് ചെന്നൈയെ കൂറ്റന്‍ സ്കോറിലേയ്ക്ക് എത്തിക്കുകയായിരുന്നു. 59 പന്തില്‍ നിന്നുമായി 86 റണ്‍സ് ഡുപ്ലേസി അടിച്ചെടുത്തു.
ഋതുരാജ് ഗെയ്ക്വാദിന്റെ 32 റണ്‍സ്, ഉത്തപ്പയുടെ 31 റണ്‍സ്, മോയിന്‍ അലിയുടെ 37 റണ്‍സ് എന്നിവയും ചെന്നൈയ്ക്ക് തുണയായി. ഈ ഐപിഎല്‍ സീസണില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഋതുരാജ് ഗെയ്ക്വാദ് ആണ്. രണ്ടാം സ്ഥാനത്ത് ഫാഫ് ഡുപ്ലേസിയും.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത ഓവറില്‍ 165 റണ്‍സ് അടിച്ചെടുത്തു. ശുഭ്മാന്‍ ഗില്ലും വെങ്കിടേഷ് അയ്യരും അര്‍ധ സെഞ്ചുറി നേടിയെങ്കിലും കൊല്‍ക്കത്തയ്ക്ക് കാലിടറി. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബൗളിങ്ങിന് മുന്പില് അടി തെറ്റുകയായിരുന്നു ഇയോണ്‍ മോര്ഗന് നായകനായുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്.
Story highlights: IPL 2021 Chennai Super Kings won by 27 runs