സംസ്ഥാനത്ത് ശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
കേരളത്തിൽ മഴ കനക്കുന്നു. സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലുമാണ് ശക്തമായ മഴ. വിവിധ ഇടങ്ങളിൽ തോടുകൾ കരകവിഞ്ഞു. റോഡുകളിലും മറ്റും വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ
അറബിക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കൻ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. നദികളിൽ ജലനിരപ്പുയരാനും ചില അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്.
നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. യാതൊരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
Story highlights: Kerala Heavy Rain Red Alert Chief Minister