‘ചേർത്തുനിന്ന് ചിത്രമെടുത്ത ഓർമ്മകൾ ഇപ്പോളും എൻ്റെ മനസ്സിൽ മായാതെ നിൽക്കുന്നു’- ധീര സൈനികൻ വൈശാഖിനെക്കുറിച്ച് മോഹൻലാൽ
പാകിസ്താൻ ഭീകരരുമായി പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളിയായ സൈനികൻ വൈശാഖിന് പെരുമഴയിലും വൈകാരികമായ യാത്രയയപ്പാണ് കേരളം നൽകിയത്. ഒട്ടേറെപ്പേർ വൈശാഖിന് ആദരാജ്ഞലികൾ നേർന്നിരുന്നു. ഇപ്പോഴിതാ, നടൻ മോഹൻലാൽ വൈശാഖിന്റെ അമ്മയുമായി സംസാരിച്ചിരുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ്.
മോഹൻലാലിൻറെ വാക്കുകൾ;
കാശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരൻ വൈശാഖിൻ്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി. മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളിൽ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളിൽ വിങ്ങി നിറഞ്ഞിരുന്നു. എൻ്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികൾ. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ കണ്ടുമുട്ടിയിരുന്നു, ചേർത്തുനിന്ന് ചിത്രമെടുത്ത ഓർമ്മകൾ ഇപ്പോളും എൻ്റെ മനസ്സിൽ മായാതെ നിൽക്കുന്നു.
കൊട്ടാരക്കരയിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് വൈശാഖിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ഹരികുമാറിന്റെയും ബീനാകുമാരിയുടെയും മകനായ വൈശാഖ് നാലുവർഷം മുൻപാണ് കരസേനയിൽ ചേർന്നത്. മറാഠ റെജിമെന്റിലായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്.
Story highlights- mohanlal about soldier vysakh