കൊവിഡ് പ്രതിസന്ധിയിൽ തളർന്ന കലാകാരൻമാർക്ക് ഊർജം പകർന്ന് കലാഭവൻ സതീഷ് ഒരുക്കിയ ഹ്രസ്വചിത്രം ‘ഞാൻ സെലിബ്രിറ്റി’
കൊവിഡ് പ്രതിസന്ധി സൃഷ്ടിക്കാത്ത മേഖലകൾ ഇല്ല. അതിൽനിന്നും എല്ലാ മേഖലകളും സജീവമായി തുടങ്ങിയപ്പോഴും കലാരംഗത്ത് വെല്ലുവിളികൾ തുടരുകയാണ്. മിമിക്രി കലാകാരന്മാരുടെ പ്രധാന ആശ്രയം സ്റ്റേജ് ഷോകളാണ്. അവരെ ലോകമറിയുന്ന കലാകാരന്മാരാക്കി മാറ്റുന്നു എന്നതിനൊപ്പം പലർക്കും വരുമാനമാർഗവും ഇത്തരം സ്റ്റേജ് ഷോകളാണ്. ലോക്ക് ഡൗൺ സമയത്ത് സ്റ്റേജ് ഷോകളെല്ലാം നിലച്ചപ്പോൾ പല ജോലികളിലേക്ക് തിരിയേണ്ടി വന്നു കലാകാരന്മാർക്ക്.
എന്നാൽ, ബാധ്യതകൾക്ക് ഇടയിൽ ജീവൻ ഒടുക്കിയ ആളുകൾ ഒട്ടേറെയാണ്. മറ്റു ജോലികളിൽ നിന്നുള്ള തുച്ഛമായ വരുമാനം കൂടുതൽ ബുദ്ധിമുട്ടുകളല്ലാതെ മറ്റൊന്നും അവർക്ക് നൽകിയില്ല. അങ്ങനെയുള്ള കലാകാരന്മാരുടെ ജീവിതത്തിന്റെ നേർകാഴ്ച്ചയാണ് കലാഭവൻ സതീഷ് ഒരുക്കിയ ഹ്രസ്വ ചിത്രം ഞാൻ സെലിബ്രിറ്റി. ഫ്ളവേഴ്സ് ടി വിയിലെ കോമഡി ഉത്സവത്തിൽ ശബ്ദ വിസ്മയങ്ങൾ കൊണ്ട് അമ്പരപ്പിച്ച കലാകാരനാണ് കലാഭവൻ സതീഷ്.
കലാഭവൻ മഹേഷ് എന്ന കലാകാരന്റെ ജീവിതത്തിൽ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളും കുടുംബ പ്രശ്നങ്ങളും മനസിന്റെ താളം തെറ്റുന്ന അവസ്ഥയിലേക്ക് എത്തുമ്പോൾ ഒരു കലാകാരൻ സാഹചര്യങ്ങൾ നേരിടേണ്ട രീതിയുമൊക്കെ പങ്കുവെച്ച് പ്രതീക്ഷ പകരുന്ന ഹ്രസ്വചിത്രമാണ് ഞാൻ സെലിബ്രിറ്റി.
Read More: ‘തേരിറങ്ങും മുകിലേ..’- ഹൃദയം കവർന്ന് റിമി ടോമിയുടെ ആലാപനം
തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കലാഭവൻ സതീഷ് ആണ്. അദ്ദേഹം തന്നെയാണ് പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നതും.സതീഷിനൊപ്പം അതിഥി വേഷത്തിൽ സുനിൽ സുഖദയും എത്തുന്നുണ്ട്. നിഖിൽകുമാർ സി.എസ് അസിസ്റ്റന്റ് ഡയറക്ടറാണ്.സത്യകൃഷ്ണയാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. പ്രോജക്ട് ഡിസൈനർ – രാജീവ് വർഗീസ്. എഡിറ്റ് മ്യൂസിക്& സൗണ്ട് ഡിസൈൻ – ഷാഹിൽ ചാക്കോ,D.O.P – നിഖിൽ രാംദാസ്.
Story highlights- njan celebrity short film by satheesh kalabhavan