25 വർഷങ്ങൾക്ക് മുൻപുള്ള മോഹൻലാൽ; ശ്രദ്ധനേടി അപൂർവ അഭിമുഖം, വീഡിയോ
മലയാളികളുടെ മുഴുവൻ സ്വകാര്യ അഹങ്കാരമായി മാറിയതാണ് മോഹൻലാൽ. തിരനോട്ടം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം പ്രേക്ഷകരുടെ പ്രിയങ്കരനായിട്ട് നാല്പത് വർഷങ്ങൾ പിന്നിട്ടു. അഭിനയത്തിനപ്പുറം സംവിധാനത്തിലേക്കും ചുവടുവെച്ച താരത്തിന്റെ 25 വർഷങ്ങൾ മുൻപുള്ള ഒരു അപൂർവ വിഡിയോയാണ് സോഷ്യൽ ഇടങ്ങളുടെ മുഴുവൻ ശ്രദ്ധയാകർഷിക്കുന്നത്. തിരനോട്ടത്തിൽ തുടങ്ങി വാനപ്രസ്ഥം വരെയുള്ള സിനിമ ജീവിതം പറയുന്നതാണ് ഈ വിഡിയോ.
മോഹൻലാലിനെക്കുറിച്ച് ദൂരദർശൻ തയാറാക്കിയ ‘താരങ്ങളുടെ താരം മോഹൻലാൽ’ എന്ന അഭിമുഖ വിഡിയോയാണ് സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലിൻറെ ബാല്യകാലവും കൗമാരവും നാടകജീവിതവും സിനിമ ജീവിതവുമുൾപ്പെടെ പറയുന്ന ഡോക്യമെന്ററിയിൽ എം ടി വാസുദേവൻ നായർ, ഷാജി എൻ കരുണൻ, ഫാസിൽ, പ്രിയദർശൻ, സത്യൻ അന്തിക്കാട് തുടങ്ങിയവർ താരത്തെക്കുറിച്ച് പറയുന്നതും വിഡിയോയിൽ കാണാം. അതേസമയം ചലച്ചിത്രതാരം നെടുമുടി വേണുവാണ് ദൂരദർശന് വേണ്ടി മോഹൻലാലിനെ ഇന്റർവ്യൂ ചെയ്യുന്നത്.
Read also: അധ്യാപികയായി ഐശ്വര്യ; നിഗൂഢതകൾ ഒളിപ്പിച്ച് ഇന്ദ്രൻസും, ശ്രദ്ധേയം ‘അർച്ചന 31 നോട്ട്ഔട്ട്’ ടീസർ
നാൽപതു വർഷത്തെ അഭിനയ ജീവിതത്തിന് ശേഷം സംവിധാനത്തിലേക്കും ചുവടുവയ്ക്കുകയാണ് നടൻ മോഹൻലാൽ. പാട്ടിലും, നിർമാണത്തിലുമെല്ലാം സാന്നിധ്യമറിയിച്ച മോഹൻലാൽ ബറോസ് എന്ന ചിത്രത്തിലൂടെയാണ് സംവിധാനത്തിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലാണ് മോഹൻലാൽ അവസാനം അഭിനയിച്ചത്. മോഹൻലാലിന് പുറമെ പൃഥ്വിരാജ്, മീന സാഗർ, കനിഹ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ്. രസകരമായ ഒരു കുടുംബ ചിത്രമാണ് ബ്രോ ഡാഡി.
Story highlights: old interview of Actor Mohanlal