ഉയരം 215.16 സെന്റീമീറ്റർ; ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പെൺകുട്ടി എന്ന റെക്കാർഡ് ഈ മിടുക്കിക്ക്
ജീവിച്ചിരിക്കുന്നതിൽ വെച്ച് ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്ത്രീ ആരാണ് എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം റുമൈസ എന്ന മിടുക്കിയുടെ പേരാണ്. വൈകല്യങ്ങളേയും വെല്ലുവിളികളേയും എല്ലാം ഉൾക്കരുത്തുകൊണ്ട് അതിജീവിച്ച് മുന്നേറുന്ന പെൺകരുത്താണ് റുമൈസ. 215.16 സെന്റീമീറ്റർ ആണ് റുമൈസയുടെ ഉയരം. അതായത് ഏഴ് അടിക്കും മുകളിൽ. ജീവിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും ഉയരമുള്ള സ്ത്രീ എന്ന ഗിന്നസ് വേൾഡ് റെക്കോർഡാണ് റുമൈസ സ്വന്തമാക്കിയിരിക്കുന്നത്.
തുർക്കി സ്വദേശിയാണ് റുമൈസ. ശാരീരിക പരിമിതികളും ഉണ്ട്. വീവർ സിൻഡ്രോം എന്ന രോഗാവസ്ഥയാണ് റുമൈസയെ ബാധിച്ചിരിക്കുന്നത്. ശരീരത്തിന് അമിത വളർച്ചയുണ്ടാകുന്ന രോഗാവസ്ഥയാണ് ഇത്. അതുകൊണ്ടുതന്നെ വീൽചെയറിന്റേയും വാക്കറിന്റേയുമൊക്കെ സഹായത്താലാണ് റുമൈസ നടക്കുന്നത്. രോഗാവസ്ഥകൾ അലട്ടുന്നുണ്ടെങ്കിലും ആത്മവിശ്വാസത്തിനും ഉൾക്കരുത്തിനും കുറവില്ല എന്നതാണ് ഈ മിടുക്കിയുടെ ആകർഷണം.
2014-ൽ ഏറ്റവും ഉയരം കൂടിയ കൗമാരക്കാരി എന്ന ഗിന്നസ് വേൾഡ് റെക്കോർഡും റുമൈസ സ്വന്തമാക്കിയിരുന്നു. വീണ്ടും ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഈ മിടുക്കി സ്ഥാനം നേടിയപ്പോൾ അത് പലർക്കും പ്രചോദനമായി മാറുന്നു. ശാരീരിക പരിമിതികളോർത്ത് ജീവിതത്തിലൊരിക്കലും ഉൾവലിയേണ്ടതില്ലെന്ന് ഓരോരുത്തരേയും ഓർമപ്പെടുത്തുകയാണ് ഈ ഇരുപത്തിനാലുകാരി.
Story highlights: Rumeysa Gelgi, the tallest woman in the world