സായ് പല്ലവിയുടെ നൃത്ത വൈഭവവുമായി ‘സാരംഗ ദരിയാ’ ഗാനം- കാത്തിരിപ്പിനൊടുവിൽ പ്രേക്ഷകരിലേക്ക്

October 19, 2021

നാഗ ചൈതന്യയുടെ നായികയായി സായ് പല്ലവി എത്തുന്ന ചിത്രമാണ് ‘ലവ് സ്റ്റോറി’. ഏഷ്യൻ സിനിമാസ്, അമിഗോസ് ക്രിയേഷൻസ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്നിവ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാന്റെ സംഗീത സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പവനാണ്. അതേസമയം, ചിത്രത്തിലെ ഒരു മനോഹര ഗാനം യൂട്യൂബിൽ റെക്കോർഡ് കാഴ്ചക്കാരുമായി ശ്രദ്ധനേടുകയാണ്.

‘ സാരംഗ ദരിയാ ..’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയിലെ സായ് പല്ലവിയുടെ ഏതാനും ചുവടുകൾ വൈറലായി മാറിയിരുന്നു. ചിത്രത്തിന്റെ റിലീസിന് ശേഷമാണ് യുട്യൂബിൽ ഗാനത്തിന്റെ വിഡിയോ അണിയറപ്രവർത്തകർ പങ്കുവെച്ചത്. മറ്റു ഗാനങ്ങൾ പോലെ സായ് പല്ലവിയുടെ നൃത്തമാണ് ഈ ഗാനത്തിന്റെയും പ്രത്യേകത. ഫോക്ക് സംഗീതത്തിലുള്ള സാരംഗ ദരിയാ എന്ന ഗാനം റിലീസിന് മുൻപ് ഭാഷാഭേദമന്യേ ഹിറ്റായി മാറിയിരുന്നു. ഹിറ്റായ ഗാനത്തിന് 150 മില്യൺ കാഴ്ചക്കാരാണ് ഉണ്ടായത്.സുഡാല അശോക് തേജയുടെ വരികളും പവൻ സി.എച്ചിന്റെ സംഗീതവും ഗായിക മംഗ്ലിയുടെ ശബ്ദവും പാട്ടിന് മറ്റൊരു തലം തന്നെ ഒരുക്കി. ഇപ്പോൾ വിഡിയോ ഗാനത്തിനും കാഴ്ചക്കാർ ഏറുകയാണ്.

Read More: ‘യാത്ര’യ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്; ഇത്തവണ അഖിൽ അക്കിനേനിക്ക് ഒപ്പം

നേരത്തെ ഫിദയിൽ സായ് പല്ലവി ‘വച്ചിണ്ടെ..’ എന്ന ഗാനത്തിന് വേണ്ടി നൃത്തം ചെയ്തത് ശ്രദ്ധനേടിയിരുന്നു. ഇത് ഇപ്പോഴും ഏറ്റവും കൂടുതൽ ആളുകൾ കണ്ട തെലുങ്ക് ഗാനങ്ങളിലൊന്നാണ്. അഭിനേത്രി എന്നതിലുപരി നർത്തകിയായി അറിയപ്പെടുന്ന സായ് പല്ലവിയുടെ നൃത്ത വൈഭവമാണ് ലവ് സ്റ്റോറിയുടെ പ്രത്യേകത. നായകനായ നാഗ ചൈതന്യയും നർത്തകനായാണ് എത്തുന്നത്. ഇരുവരുടെയും പ്രണയവും ഒളിച്ചോട്ടവുമൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്.

Story highlights- Saranga Dariya Full Video Song