‘മലയാളിയുടെ പേരും പെരുമയും സഹ്യൻ കടന്ന്, കടൽ കടന്ന് ലോകമെമ്പാടും എത്തട്ടെ’- ശ്രീജേഷിനെ കണ്ട സന്തോഷത്തിൽ ഷാജി കൈലാസ്

നിരവധി സൂപ്പര്‍ ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഷാജി കൈലാസ് ഇപ്പോഴിതാ, കായികതാരം ശ്രീജേഷിനെ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ്. ശ്രീജേഷിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രവും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.
ഷാജി കൈലാസിന്റെ വാക്കുകൾ;
അവിചാരിതം… മനോഹരം…
അതൊരു അപ്രതീക്ഷിത കാഴ്ചയായിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാലിനെ നായകനാക്കി ഞാൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പാലക്കാട് കുതിരാൻ ഭാഗത്ത് നടക്കുന്നു. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറുമ്പോഴാണ് ശ്രീ പി ആർ ശ്രീജേഷ് കയറിവരുന്നത്… കൂടെ സ്നേഹമുള്ള കുടുംബവും. ഒളിംപിക്‌സിൽ മെഡൽ നേടിയ മലയാളി.. ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത അതുല്യപ്രതിഭ.. പരസ്പരം കണ്ടപ്പോൾ, സംസാരിച്ചപ്പോൾ, അടുത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ അതൊരു അഭിമാനത്തിന്റെ നിമിഷമായി മാറി. ശ്രീജേഷിനെ കണ്ടതും സംസാരിക്കാൻ പറ്റിയതും മഹാഭാഗ്യമായി കരുതുന്നു. ഈ കായികതാരം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.. മലയാളിയുടെ പേരും പെരുമയും സഹ്യൻ കടന്ന്, കടൽ കടന്ന് ലോകമെമ്പാടും എത്തട്ടെ… നന്ദി ശ്രീജേഷ്… അങ്ങേക്ക് വേണ്ടി ഏതൊരു കയികപ്രേമിയേയും പോലെ ഞാനും പ്രാർത്ഥിക്കുന്നു..
ചക് ദേ ഇന്ത്യ…
ഉജ്ജ്വല നേട്ടമാണ് നീണ്ട നാല്പത്തൊന്നു വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഹോക്കിയിൽ സ്വന്തമാക്കിയത്. ടോക്യോ ഒളിമ്പിക്‌സില്‍ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യയുടെ പുരുഷ ടീം വെങ്കലം നേടിയത്. ടീം ഇന്ത്യയുടെ നിർണായക വിജയത്തിന് പങ്കുവഹിച്ചത് മലയാളിയായ ശ്രീജേഷ് ആണ്. ഒളിമ്പിക്സിൽ ഇന്ത്യയുടെ 41 വർഷത്തെ ഇരുണ്ട അധ്യായം മറികടന്ന ടീമിന്റെ പ്രധാന ഭാഗമായിരുന്നു 35 കാരനായ ശ്രീജേഷ്.
Story highlights- shaji kailas about p r sreejesh