സുരേഷ് ഗോപിയുടെ കാവല്‍ പ്രേക്ഷകരിലേക്ക്

October 7, 2021

ആക്ഷനും പ്രണയവും വീരവും രൗദ്രവുമെല്ലാം കഥാപാത്രങ്ങളില്‍ ആവാഹിച്ച് കൈയടി നേടുന്ന നടനാണ് മലയാളത്തിന്റെ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗേപി. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കാവല്‍.

ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ സജീവമാകുകയാണ് മലയാള സിനിമാ മേഖലയും. നവംബര്‍ 25 നാണ് കാവല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. ചിത്രത്തിന്റേതായി നേരത്തെ പ്രേക്ഷകരിലേക്കെത്തിയ ട്രെയ്‌ലറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു.

Read more: 88 വയസിലും പ്രാദേശിക ഫുട്ബോൾ ക്ലബ്ബിന്റെ ഗോൾകീപ്പർ; ഇതിഹാസമാണ് കാംസെൽ

നിതിന്‍ രഞ്ജി പണിക്കരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ജോബി ജോര്‍ജാണ് നിര്‍മാതാവ്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കാവല്‍. ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രണ്ട് കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രം ആക്ഷന്‍ ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

ലാല്‍, സയാ ഡേവിഡ് എന്നിവരും ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രണ്‍ജി പണിക്കര്‍, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രഞ്ജിന്‍ രാജ് ആണ് സംഗീത സംവിധായകന്‍.

Story highlights: Suresh Gopi Kaval Movie Release