യാത്രാപ്രേമികളെ ആകർഷിച്ച് ലോകത്തിലെ ആദ്യത്തെ അണ്ടർവാട്ടർ ജംഗ്ഷൻ
മനുഷ്യന്റെ പല നിർമിതികളും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ഏറെ കൗതുകം നിറഞ്ഞതും എന്നാൽ അതിലേറെ അത്ഭുതങ്ങൾ ഒളിപ്പിച്ചതുമായ ഒന്നാണ് ലോകത്തിലെ ആദ്യത്തെ അണ്ടർവാട്ടർ ജംഗ്ഷൻ. വെള്ളത്തിനടിയിലൂടെയുള്ള യാത്രകൾ പലപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്. അപൂർവമായി മാത്രമേ ഇതിനുള്ള അവസരങ്ങളും ലഭിക്കുകയുള്ളു. എന്നാൽ അറ്റ്ലാന്റിക് സമുദ്രത്തിലെ ഫറോദ്വീപ് സമൂഹത്തിലെത്തിയാൽ കാത്തിരിക്കുന്നത് മനോഹരമായ അണ്ടർ വാട്ടർ യാത്രകളാണ്. ഇവിടെയുള്ള രണ്ട് ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ടണലിൽ കടലിൽ നിന്നുള്ള വ്യത്യസ്ത വഴികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജംഗ്ഷനും റൗണ്ട് എബൗട്ടും വരെ നിർമിച്ചിട്ടുണ്ട്.
ലോകത്തിലെ ആദ്യത്തെ അണ്ടർവാട്ടർ ജംഗ്ഷനാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. കടലിന്റെ അടിത്തട്ടിൽ നിന്നും 189 മീറ്റർ ആഴത്തിൽ കടന്നുപോകുന്ന ഈ പാത ജനവാസ പ്രദേശങ്ങളോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. മുൻപ് ഇവിടുത്തെ ഒരു ദ്വീപിൽ നിന്നും അടുത്ത ദ്വീപിലേക്ക് എത്തിച്ചേരാൻ 64 മിനിറ്റോളം എടുത്തിരുന്നു. എന്നാൽ ഇപ്പോൾ വെള്ളത്തിനടിയിലൂടെയുള്ള തുരങ്കം വന്നതോടെ 16 മിനിറ്റ് മാത്രമാണ് ഈ യാത്രയ്ക്ക് ആവശ്യമായി വേണ്ടത്. അതേസമയം ഇവിടെത്തുന്നവർക്കായ് നിരവധി മറ്റ് കാഴ്ചകളും കാത്തിരിപ്പുണ്ട്.
മനോഹരമായ പ്രകൃതി ദൃശ്യങ്ങൾക്ക് പുറമെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പ്രത്യേകതകളും ഇവിടെയുണ്ട്. ഇതിന് പുറമെ വെള്ളച്ചാട്ടങ്ങളും വന്യജീവി സങ്കേതങ്ങളും കൂറ്റൻ പാറക്കെട്ടുകളുമടക്കം ദ്വീപിൽ കാത്തിരിക്കുന്നത് അതിമനോഹരമായ കാഴ്ചകളാണ്.
Story highlights; worlds first undersea traffic circle