കണങ്കാൽ വരെ നീണ്ടുനിൽക്കുന്ന മുടി; കൗതുകമായി ലോകത്തിലെ ഏറ്റവും നീളംകൂടിയ മുടിയുള്ളവരുടെ ഗ്രാമം

October 13, 2021

സോഷ്യൽ ഇടങ്ങളിൽ നിന്നും രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വാർത്തകളാണ് ഓരോ ദിവസവും നമ്മെ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധിക്കപ്പെടുകയാണ് നീണ്ട ഇടതൂർന്ന മുടിയുള്ളവരുടെ ഗ്രാമം. നീണ്ട മുടി എന്ന് പറഞ്ഞാൽ ഇവിടുത്തെ സ്ത്രീകൾക്ക് കണങ്കാൽ വരെ നീളുന്ന മുടിയാണ് ഉള്ളത്. ഒരു കിലോയോളം ഭാരവും അഞ്ച് അടി നീളവുമാണ് ഇവിടുത്തെ പെൺകുട്ടികളുടെ മുടിയുടെ സാധാരണ വളർച്ച. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ മുടിയുള്ളവരുടെ ഗ്രാമം എന്ന ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമാക്കിയതാണ് ചൈനയിലെ ഉൾഗ്രാമമായ ഹനാൻഗ്ലോ യാവോ.

നീണ്ട മുടി തങ്ങളുടെ ആയുസിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായാണ് ഇവിടുത്തുകർ വിശ്വസിക്കുന്നത്. ഇവിടുത്തെ പെൺകുട്ടികൾ ഒരിക്കൽ മാത്രമാണ് മുടി മുറിയ്ക്കുക. പതിനെട്ടാം വയസിൽ പെൺകുട്ടികൾക്ക് വിവാഹപ്രായം ആയി എന്ന് സൂചിപ്പിക്കുന്നതിനായാണ് ഇവർ മുടി മുറിയ്ക്കുക. മുറിച്ച മുടി ഇവർ സൂക്ഷിച്ചുവയ്ക്കുകയും വിവാഹ ശേഷം അത് മുടിയോടൊപ്പം ചേർത്ത് കെട്ടുകയും ചെയ്യും. വിവാഹം കഴിഞ്ഞു എന്നതിന്റെ സൂചനയായാണ് ഇവർ ഇങ്ങനെ ചെയ്യുന്നത്. അതിന് പുറമെ അവിവാഹിതരായ യുവതികൾ തങ്ങളുടെ മുടി തലപ്പാവ് കൊണ്ട് മൂടി വയ്ക്കും. വിവാഹശേഷം മാത്രമേ ഇവിടുത്തെ സ്ത്രീകൾക്ക് തങ്ങളുടെ മുടി പ്രദർശിപ്പിക്കാൻ അനുമതിയുള്ളു.

Read also: മെഡിക്കൽ ചെക്കപ്പും സുരക്ഷയും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ, വർഷവും ചിലവഴിക്കുന്നത് 15 ലക്ഷത്തോളം രൂപ; സ്റ്റാറായ മരത്തിന് പിന്നിൽ…

മുടി സംരക്ഷണത്തിന് ചില പ്രകൃതിദത്ത മാർഗങ്ങളാണ് ഇവിടുത്തെ സ്ത്രീകൾ ചെയ്യുന്നത്. നാരകത്തിന്റെ തൊലിയും പ്രകൃതിദത്തമായ എണ്ണയും മറ്റും ചേർത്ത ഷാംപൂവാണ് ഇവർ മുടി കഴുകാൻ ഉപയോഗിക്കുന്നത്. അതേസമയം മുടിയുടെ നീളം കൂടുന്തോറും തങ്ങളുടെ ആയുസ് കൂടും എന്നാണ് ഇവിടുത്തുകാർ വിശ്വസിക്കുന്നത്. എന്തായാലും ഇപ്പോഴും ഈ വിശ്വാസം കാത്തുസൂക്ഷിക്കുന്നവരാണ് ഈ ഗ്രാമത്തിലുള്ളവർ. വിനോദസഞ്ചാരികളുടെ ഇഷ്ടമേഖലകൂടിയാണ് നിരവധി കൗതുകങ്ങൾ ഒളിപ്പിച്ച ഹനൻഗ്ലോ യാവോ ഗ്രാമം.

Story highlights: Worlds longest hair village