പുരസ്‌കാര വേദിയിൽ അപൂർവ്വ നിമിഷം സമ്മാനിച്ച് 102–ാം വയസിൽ പത്മശ്രീ നൽകി രാജ്യം ആദരിച്ച നന്ദ പൃഷ്ഠി- വിഡിയോ

November 11, 2021

പത്മശ്രീ പുരസ്‌കാര വേദി വാർത്തകളിൽ നിറയുമ്പോൾ ശ്രദ്ധനേടുന്നത് നന്ദ പൃഷ്ഠി എന്ന 102 വയസുകാരനാണ്. ഒരു പ്രത്യേക പ്രോട്ടോകോളിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ നന്ദ ഒരു പ്രത്യേക നിമിഷം സമ്മാനിച്ചതിലൂടെയാണ് ശ്രദ്ധനേടുന്നത്. പുരസ്‌കാരം വാങ്ങിയ ശേഷം രാഷ്ട്രപതിയെ കൈകളുയർത്തി അനുഗ്രഹിച്ച ശേഷമാണ് അദ്ദേഹം വേദി വിട്ടത്. ഒഡീഷയിൽ നിന്നുള്ള അധ്യാപകനാണ് നന്ദ പൃഷ്ഠി. രാജ്യം പത്മശ്രീ നൽകി ആദരിച്ച ഈ മഹാനായ വ്യക്തിയുടെ ജീവിതം ഒട്ടേറെപ്പേർക്ക് ജീവിതവെളിച്ചം പകർന്നും മാർഗം തെളിച്ചും ശ്രദ്ധനേടുകയാണ്.

വിദ്യാഭ്യാസ മേഖലയിലെ മാതൃകാപരമായ സംഭാവനകൾക്ക് രാഷ്ട്രപതി രാം നാഥ് കോവിന്ദിൽ നിന്നും പത്മശ്രീ സ്വീകരിക്കുകയായിരുന്നു നന്ദ പൃഷ്ഠി. ‘നന്ദ മാസ്‌ട്രേ’ എന്നും ‘നന്ദ സർ’ എന്നും അറിയപ്പെടുന്ന ഈ 102-കാരൻ ഒഡീഷയിലെ ജാജ്‌പൂരിൽ കുട്ടികൾക്കും മുതിർന്നവർക്കും സൗജന്യ വിദ്യാഭ്യാസം നൽകിക്കൊണ്ട് നിരവധി പതിറ്റാണ്ടുകളായി സജീവമാണ്. ജീവിതത്തിൽ വിദ്യാഭ്യാസം ഇല്ലായ്മയുടെ ബുദ്ധിമുട്ടുകൾ നേരിട്ടറിഞ്ഞ വ്യക്തിയാണ് നന്ദ പൃഷ്ഠി.

കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഏഴാം ക്ലാസിൽ നന്ദ പൃഷ്ഠിയ്ക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നു. ഇങ്ങനെ പല കാരണങ്ങൾകൊണ്ട് വിദ്യാഭ്യാസം ലഭിക്കാത്ത ആളുകൾ ഒട്ടേറെ ഉണ്ടെന്നു തിരിച്ചറിഞ്ഞ നന്ദ പൃഷ്ഠി തന്റെ ഗ്രാമത്തിലെ നിരക്ഷരത തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളെ സൗജന്യമായി പഠിപ്പിക്കുവാൻ മുന്നിട്ടിറങ്ങുകയായിരുന്നു.

ഇപ്പോൾ 102 വയസുള്ള നന്ദ പൃഷ്ഠി ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ അടിസ്ഥാന വിദ്യാഭ്യാസം ഗ്രാമത്തിലുള്ള കുട്ടികളിലേക്ക് എത്തിച്ചു തുടങ്ങി. ഈ പ്രായത്തിലും രാവിലെ തന്നെ നന്ദ ക്ലാസുകൾ ആരംഭിക്കും. പുലർച്ചെ ആരംഭിക്കുന്ന ക്ലാസ് രാവിലെ 9 മണി വരെ നീളും. പിന്നീട് വൈകുന്നേരം 4 മണി മുതൽ വീണ്ടും ക്ലാസ്സുണ്ടാകും. ഒഡിയ അക്ഷരമാലയും കുറച്ച് അടിസ്ഥാന ഗണിതവുമാണ് അദ്ദേഹം പഠിപ്പിക്കുന്നത്.

read More: വൈദ്യുതിയോ റോഡോ ശുദ്ധജലമോ ഇല്ലാതെ 40 വർഷമായി ഏകാന്ത വാസം നയിക്കുന്ന 74- കാരൻ

‘സാഹിത്യവും വിദ്യാഭ്യാസവും’ എന്ന മേഖലയിലുള്ള സമർപ്പിത സംഭവനയ്ക്കാണ് 102-കാരനായ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചത്.

Story highlights- 102 year old Padma Awardee Nanda Prusty