സാക്ഷരതാ പരീക്ഷയിൽ നൂറിൽ 89 മാർക്ക് നേടി 104-കാരി കുട്ടിയമ്മ; ഇതാണ്, ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്ത സന്തോഷചിരി

November 16, 2021

പ്രായം ഒന്നിന്റെയും അതിരല്ല എന്ന് തെളിയിച്ചിട്ടുള്ള ഒട്ടേറെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്. ഇപ്പോഴിതാ, 104-ാം വയസിൽ സാക്ഷരതാ പരീക്ഷയിൽ തിളങ്ങുന്ന വിജയവുമായി കൈയടി നേടുകയാണ് കോട്ടയം സ്വദേശിനി കുട്ടിയമ്മ. സാക്ഷരതാ പരീക്ഷയിൽ 100 ൽ 89 മാർക്കാണ് കോട്ടയം അയർക്കുന്നം പഞ്ചായത്തിൽ നടത്തിയ സാക്ഷരതാ പരീക്ഷയിൽ കുട്ടിയമ്മ നേടിയത്.നാലാം തരം തുല്യതാ പരീക്ഷയെഴുതാനുള്ള യോഗ്യതയും ഇതോടെ കുട്ടിയമ്മ നേടി.

കുട്ടിയമ്മയുടെ വിജയത്തിളക്കം പല്ലില്ലാത്ത മോണകാട്ടി നിഷ്കളങ്കമായി ചിരിക്കുന്ന ചിത്രത്തോടൊപ്പം മന്ത്രി വി ശിവൻകുട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, ദേശീയ മാധ്യമങ്ങൾ വരെ ആ ചിരിയും സന്തോഷവും ഏറ്റെടുത്തിരിക്കുകയാണ്.

കോട്ടയം തിരുവഞ്ചൂർ അയർക്കുന്നം പഞ്ചായത്ത് നിവാസിയായ കുട്ടിയമ്മ ഒരിക്കലും സ്‌കൂളിൽ പോയിട്ടില്ല. ഭർത്താവ് ടി.കെ.കോന്തി 2002-ൽ അന്തരിച്ചു. ഏതാനും നാളുകളായി വീട്ടിൽ സാക്ഷരതാ ക്ലാസുകളിൽ പങ്കെടുത്ത് പഠനത്തിരക്കിലായിരുന്നു കുട്ടിയമ്മ. പരീക്ഷയിൽ 100ൽ 89 മാർക്ക് നേടിയാണ് നാലാം ക്ലാസ് പരീക്ഷ എഴുതാൻ കുട്ടിയമ്മ യോഗ്യത നേടിയത്.

സാക്ഷരതാ ക്ലാസുകളിൽ പങ്കെടുത്ത കുട്ടിയമ്മയെ വായിക്കാനും എഴുതാനും ടീച്ചർ പഠിപ്പിച്ചു. ഇപ്പോൾ കത്തുകളൊക്കെ സ്വയം വായിക്കാം എന്ന സന്തോഷത്തിലാണ് ഈ 104-കാരി. അതേസമയം, 2018-ൽ സാക്ഷരതാ പരീക്ഷയിൽ 100-ൽ 98 മാർക്കോടെ ഒന്നാമതെത്തിയ 98-കാരി കാർത്യായനി ‘അമ്മ അന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു.

Read More: വർഷങ്ങളോളം കൂടെ നിഴലുപോലെ; ഡ്രൈവർക്ക് ഒരു കോടി രൂപയുടെ സ്വത്തുക്കൾ എഴുതി നൽകി ഒരമ്മ

കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി.തുടർവിദ്യാഭ്യാസത്തിലൂടെ സാക്ഷരതാ നൈപുണ്യം വികസിപ്പിക്കുകയാണ് സാക്ഷരതാ പരിപാടി ലക്ഷ്യമിടുന്നത്.

Story highlights- 104 year old woman gets 89 out of 100 in Kerala literacy test