കുടുംബത്തെ സംരക്ഷിക്കാൻ തെരുവിൽ കച്ചവടത്തിന് ഇറങ്ങിയ പതിമൂന്നുകാരൻ തയാറാക്കുന്നത് സ്പെഷ്യൽ വിഭവങ്ങൾ, പ്രശംസിച്ച് സോഷ്യൽ മീഡിയ
കളിച്ചുനടക്കേണ്ട പ്രായത്തിൽ കുടുംബത്തിന്റെ മുഴുവൻ ചിലവുകളും ഏറ്റെടുത്ത ഒരു പതിമൂന്നുകാരനാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. വീട്ടിലെ സാമ്പത്തീക ബുദ്ധിമുട്ട് പരിഹരിക്കാനും സ്വന്തം പഠനത്തിന്റെ ചിലവിനുമായാണ് ഈ ബാലൻ തെരുവിൽ കച്ചവടത്തിന് ഇറങ്ങുന്നത്. ഹരീദാബാദിൽ നിന്നുള്ള ദീപേഷ് എന്ന ബാലനാണ് തെരുവ് കച്ചവടക്കാർക്കൊപ്പം പുതിയ പാചക പരീക്ഷണങ്ങളുമായി എത്തുന്നത്. ഫുഡ് ബ്ലോഗർ വിശാലാണ് ദീപേഷിനെ പരിചയപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതോടെ നിരവധിപ്പേരാണ് ഈ കുഞ്ഞുമോന് അഭിനന്ദനങ്ങളുമായി എത്തുന്നത്.
പരിചയസമ്പന്നനായ ഒരു ഷെഫിനെപ്പോലെ പാചകം ചെയ്യുന്ന ദീപേഷിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഹണി ചില്ലി പൊട്ടറ്റോയാണ് ദീപേഷ് തയാറാക്കുന്നത്. ഒരു പാനിൽ ഉരുളക്കിഴങ്ങ് വറുത്തെടുത്ത ശേഷം മസാലയിലേക്ക് ഇത് ഇട്ടാണ് ഈ വിഭവം ഒരുക്കുന്നത്. സവോളയും മുളകുമിട്ട് വഴറ്റിയശേഷം ഇതും തയാറാക്കിവെച്ചിരിക്കുന്ന മസാലയിലേക്ക് ഇത് ചേർക്കുന്നു. തുടർന്ന് ഇതിലേക്ക് വറുത്തെടുത്ത ഉരുളക്കിഴങ്ങ് ഇട്ടുകൊണ്ടാണ് ദിപേഷ് വിഭവം തയാറാക്കുന്നത്. ചില്ലി പൊട്ടറ്റോയ്ക്ക് ശേഷം മോമോസും റോളുമടക്കം നിറരവധി വ്യത്യസ്ത വിഭവങ്ങളാണ് ഈ കുട്ടിഷെഫ് തന്നെ തേടി വരുന്നവർക്കായി തയാറാക്കുന്നത്.
അതേസമയം വ്യത്യസ്ത വിഭവങ്ങൾ ഒരുക്കുന്ന ഈ കുട്ടിഷെഫിനെ തിരഞ്ഞ് നിരവധി ഭക്ഷണപ്രേമികളാണ് ഇവിടേക്ക് എത്തുന്നത്. തെരുവിൽ ഭക്ഷണം പാചകം ചെയ്യുന്ന ദീപേഷിന്റെ ജീവിതത്തെക്കുറിച്ച് അറിഞ്ഞതോടെ ഈ കുരുന്നിനെത്തേടി എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇത്ര ചെറുപ്രായത്തിൽ തന്നെ സ്വന്തമായി അധ്വാനിച്ച് കുടുംബം പുലർത്താൻ ശ്രമിക്കുന്ന ഈ ബാലന് നിറഞ്ഞ കൈയടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Story highlights: 13-Year-Old boy Cooks Chilli Potato Like A Master Chef At Family’s Street Food Stall