സ്റ്റാറാണ് മിഡാസ്; നാല് ചെവികളുമായി ജനിച്ച അപൂർവ പൂച്ചക്കുട്ടി

November 16, 2021

സമൂഹമാധ്യമങ്ങൾ സജീവമായതോടെ കൗതുകവാർത്തകളും രസകരമായ വാർത്തകളുമൊക്കെ വേഗത്തിൽ നമുക്കിടയിലേക്ക് എത്തിത്തുടങ്ങി. അത്തരത്തിൽ സോഷ്യൽ ഇടങ്ങളുടെ മുഴുവൻ ശ്രദ്ധ കവർന്നതാണ് നാല് ചെവികളുമായി ജനിച്ച പൂച്ചക്കുട്ടിയുടെ ചിത്രങ്ങൾ. സാധാരണ ചെവികളുടെ അകത്തായാണ് പുതിയ രണ്ട് ചെവികൾ കണ്ടത്. തുർക്കിയിലാണ് കാഴ്ചക്കാർക്ക് മുഴുവൻ കൗതുകമായ നാല് ചെവികളുള്ള മിഡാസ് എന്ന പൂച്ചക്കുട്ടി ഉള്ളത്.

അതേസമയം പൂച്ചക്കുട്ടിയുടെ ഈ പ്രത്യേകതയ്ക്ക് കാരണം ജനിതകമായി കൈമാറ്റം ചെയ്യപ്പെട്ട ഒരു ജീൻ മ്യൂട്ടേഷൻ ആകാം എന്നാണ് അധികൃതരുടെ കണ്ടെത്തൽ. നാല് ചെവികൾക്ക് പുറമെ മിഡാസിന്റെ ദേഹത്ത് വെളുത്ത നിറത്തിൽ ഒരു ഹൃദയത്തിന്റെ ആകൃതിയിൽ ഉള്ള അടയാളവും കാണുന്നുണ്ട്. എന്നാൽ ചെവികളുടെ ഈ പ്രത്യേകത മൂലം കേൾവിയ്ക്ക് ഉൾപ്പെടെ യാതൊരുവിധ ബുദ്ധിമുട്ടും മിഡാസിന് ഇല്ലെന്നാണ് കണ്ടെത്തൽ.

ഈ പ്രത്യേകതകൾ മൂലം മിഡാസ് വളർത്തുമൃഗങ്ങൾക്കായുള്ള പ്രത്യേക പരിഗണന ലഭിക്കുന്നയിടത്തിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ കാനിസ് ഡോസെമെസി എന്ന യുവതി ഈ പൂച്ചക്കുട്ടിയെ ദത്തെടുത്തിരിക്കുകയാണ് ഇപ്പോൾ. മിഡാസിന്റെ സോഷ്യൽ മീഡിയ പേജിലൂടെത്തന്നെയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നതും.

Read also: കപ്പലണ്ടി കച്ചവടം നടത്തി സമ്പാദിച്ച പണം കവർച്ചചെയ്യപ്പെട്ടു; 90 കാരന് സഹായവുമായി ഐപിഎസ് ഉദ്യോഗസ്ഥൻ

അതേസമയം വിദേശത്ത് മാത്രമല്ല ഇപ്പോൾ ഇന്ത്യയിലും ഇത്തരത്തിൽ പൂച്ചകളെ ദത്തെടുക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 2017 ൽ കച്ചിൽ പൂച്ചകൾക്കായി ഒരു ക്യാറ്റ് ഗാർഡൻ തന്നെ സ്ഥാപിച്ചിരുന്നു. ഇവിടെ ഏകദേശം 200 ഓളം പൂച്ചകളാണ് ഇപ്പോൾ ഉള്ളത്. പ്രതിമാസം 1.5 ലക്ഷത്തോളം രൂപയാണ് പൂച്ചകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ചിലവിടുന്നത്.

Story highlights; Cat born with four ears