മരണത്തോട് മല്ലടിക്കുന്ന മകനുവേണ്ടി സ്വയം മരുന്ന് കണ്ടെത്തിയ പിതാവ്- കൈയടി നേടിയ പരിശ്രമം

November 27, 2021

മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹവും കരുതലും അളവറ്റതാണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ്
ഹയോയാങ്ങ് എന്ന കുഞ്ഞും പിതാവും. രണ്ട് വയസ്സുള്ള ഹയോയാങ്ങിന് അപൂർവ ജനിതക രോഗമുണ്ട്. ചൈനയിൽ ലഭ്യമല്ലാത്ത ഒരു മരുന്ന് കുഞ്ഞിന് ആവശ്യമാണ്. കൊവിഡ് പ്രതിസന്ധി കാരണം രാജ്യത്തിന്റെ അതിർത്തികൾ അടച്ചിരുന്ന സാഹചര്യത്തിൽ പ്രതീക്ഷകൾ അസ്തമിച്ച അവസ്ഥയായിരുന്നു.

എന്നാൽ കുഞ്ഞിന്റെ പിതാവായ സൂ വെ പ്രതീക്ഷ കൈവിട്ടില്ല.മകനുവേണ്ടി സ്വയം മരുന്ന് നിർമ്മിക്കാൻ അദ്ദേഹം ഒരു ഹോം ലബോറട്ടറി സൃഷ്ടിച്ചു. ചെയ്യുന്നത് ശെരിയാണോ എന്ന് ചിന്തിക്കാൻ പോലുമുള്ള സമയം അദ്ദേഹത്തിനുണ്ടായിരുന്നില്ല. മെങ്കെസ് സിൻഡ്രോം ആണ് ഹയോയാങ്ങിനുള്ളത്.

കൗതുകരമായ വസ്തുത എന്തെന്നാൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം മാത്രമേ ഇദ്ദേഹത്തിന് ഉള്ളൂ, പക്ഷേ തന്റെ മകന് ജീവിതത്തിലേക്ക് തിരികെയെത്താൻ പരിധികൾ മറികടക്കാൻ അദ്ദേഹം നിര്ബന്ധിതനാകുകയായിരുന്നു.അദ്ദേഹം സ്വയം ഫാർമസ്യൂട്ടിക്കൽസ് പഠിക്കാൻ തുടങ്ങി. സുഹൃത്തുക്കളും കുടുംബവും ഇതിനെ എതിർത്തിരുന്നു. ഒട്ടേറെ വെല്ലുവിളികൾ അദ്ദേഹത്തിന് മുന്നിൽ ഉണ്ടായിരുന്നു. ജനിതക അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ഇംഗ്ലീഷിൽ മാത്രമായിരുന്നു ലഭ്യം. അതിനാൽ അവ മനസ്സിലാക്കാൻ സൂ വിവർത്തന സോഫ്റ്റ്വെയർ ഉപയോഗിച്ചിരുന്നു.

Read More: ‘ഞങ്ങളുടെ വിവാഹത്തിന്റെ ഗോൾഡൻ ജൂബിലിയാണ് അടുത്തവർഷം’- ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ വിജയൻ പങ്കുവെച്ച സ്വപ്‌നങ്ങൾ

അദ്ദേഹം തന്റെ പിതാവിന്റെ ജിമ്മിൽ ഒരു DIY ലാബ് സ്ഥാപിച്ചു. ആറാഴ്‌ചയ്‌ക്കുള്ളിൽ അദ്ദേഹം കോപ്പർ ഹിസ്‌റ്റിഡിൻ നിർമ്മിച്ചു. ആദ്യം മുയലുകളിൽ ഇത് പരീക്ഷിച്ചു, പിന്നീട് മരുന്ന് സ്വന്തം ശരീരത്തിൽ കുത്തിവച്ച് ഒടുവിൽ മകന് നൽകി. എന്നിരുന്നാലും രോഗത്തിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടായില്ല. രോഗത്തെ മന്ദഗതിയിലാക്കാൻ മാത്രമേ അതിന് കഴിയൂ. എങ്കിലും മകന് വേണ്ടി ഇത്രയെങ്കിലും ചെയ്യാൻ ശ്രമിച്ച ആ പിതാവിന്റെ പരിശ്രമങ്ങൾ കൈയടി നേടുകയാണ്.

Story highlights- dad is making own medicine to treat his dying son