അപകടത്തിൽ മുൻകാല് നഷ്ടമായി; മനുഷ്യനെപ്പോലെ നിവർന്ന് നടക്കാൻ പഠിച്ച് നായ- കൗതുക വിഡിയോ
പ്രതികൂല സാഹചര്യങ്ങളും ജീവിതത്തിലെ വെല്ലുവിളികളുമെല്ലാം തളർത്തികളഞ്ഞേക്കാം. ചിലർ അങ്ങനെയുള്ള സാഹചര്യങ്ങളിൽ എന്നെങ്കിലും ഒരു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ തുടരുകയും മറ്റുചിലർ ആ സാഹചര്യത്തിൽ നിന്നും അതിജീവിക്കാനും ശ്രമിക്കും. അങ്ങനെ ഒരു അതിജീവനത്തിന്റെ കഥയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒരു നായയാണ് ഈ കഥയിലെ നായകൻ.
പലപ്പോഴും അപകടത്തിലും ജന്മനാ തന്നെയുമൊക്കെ നായകൾക്ക് അംഗഭംഗം സംഭവിക്കാറുണ്ട്. കാലുകൾ നഷ്ടമാകുന്ന അവസ്ഥയാണ് പൊതുവെ കാണാറുള്ളത്. ഒരു കാലു നഷ്ടമായാൽ തന്നെ അവയ്ക്ക് ജീവിക്കാൻ വളരെയേറെ പ്രയാസമാണ്. ആരുടെയെങ്കിലും കരുണയിലും സഹായത്തിലും വേണം അതിജീവിക്കാൻ.
എന്നാൽ വാഹനാപകടത്തിൽ ഒരു കാല് നഷ്ടപ്പെട്ടതിന് ശേഷം ഒരു നായ മനുഷ്യനെപ്പോലെ നിവർന്നു നടക്കാൻ പഠിച്ച കാഴ്ചയാണ് കൗതുകമാകുന്നത്. ഡെക്‌സ്റ്റർ എന്ന നായ പിൻകാലുകളിൽ നടക്കാൻ പഠിച്ചത് സ്വയമാണ്. ആദ്യം ഡെക്സ്റ്ററിന്റെ ഈ കഴിവ് ഉടമയെ പോലും അമ്പരപ്പിച്ചുകഴിഞ്ഞു.
Read More: ‘ഒരു മിനിറ്റ്, ഞാൻ ലോറിയിൽ നിന്ന് സംഗതിയൊക്കെ ഒന്ന് ഇറക്കിക്കോട്ടെ..’- ചിരിപടർത്തി മേഘ്‌നക്കുട്ടി
ആറുവയസ്സുള്ള ഡെക്‌സ്റ്റർ ഒരു വാഹനാപകടത്തിൽ പെട്ടു. ആദ്യ വർഷത്തിൽ അഞ്ച് ശസ്ത്രക്രിയകൾ നടത്തേണ്ടിവന്നു. മുന്നിലെ ഒരു കാലാണ് അപകടത്തിൽ നഷ്ടമായത്. എന്നാൽ, അങ്ങനെ തളർന്നു കിടക്കാൻ ഡെക്സ്റ്റർ തയ്യാറായിരുന്നില്ല. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാണ് ഈ നായ. ഡെക്‌സ്റ്ററിന്റെ ഉടമ പിൻകാലുകളിൽ നടക്കുന്ന നായയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ശ്രദ്ധനേടിയത്.
Story highlights- Dog walks like a human