സ്ഥലംമാറുന്ന എസ്ഐയ്ക്ക് കണ്ണീരോടെ വിടനൽകി നാട്ടുകാർ, ഹൃദയംതൊട്ട വിഡിയോയ്ക്ക് പിന്നിൽ
സ്ഥലം മാറി പോകുന്ന പൊലീസ് ഉദ്യോഗസ്ഥന് നാട്ടുകാർ നൽകുന്ന ഹൃദ്യമായ യാത്രയയപ്പിന്റെ ചിത്രങ്ങളും വിഡിയോയുമാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. ഗുജറാത്തിലെ ഖേദ് ബ്രഹ്മ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ വിശാൽ പട്ടേലാണ് നാട്ടുകാരുടെ മുഴുവൻ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി യാത്രയായത്. നാട്ടുകാരുടെ സ്നേഹം കണ്ട് കണ്ണുനിറയുന്ന വിശാലിനെയും വിഡിയോയിൽ കാണുന്നുണ്ട്.
അതേസമയം വിശാൽ നാട്ടുകാർക്ക് ഇത്രമേൽ പ്രിയങ്കരനായതിന് പിന്നിലുമുണ്ട് കാരണങ്ങൾ. കൊവിഡ് കാലം ഉൾപ്പെടെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ നാട്ടുകാർക്ക് താങ്ങും തണലുമായി നിന്നതാണ് വിശാൽ. കൊറോണക്കാലത്ത് ദുരിതത്തിലായ കുടുംബങ്ങൾക്ക് താങ്ങായി നിന്നതുകൊണ്ടുതന്നെ അദ്ദേഹത്തോട് വലിയ സ്നേഹമായിരുന്നു അവിടുത്തെ നാട്ടുകാർക്ക്. അതിനാൽ പെട്ടന്നുള്ള വിശാലിന്റെ സ്ഥലം മാറ്റം നാട്ടുകാരെ മുഴുവൻ വേദനയിലാഴ്ത്തി.
‘സ്റ്റേഷനിൽ എത്തുന്നവരോട് അദ്ദേഹം കാണിച്ചിരുന്ന കരുതലും സ്നേഹവും വളരെ വലുതായിരുന്നു. കൃത്യമായി വിവരങ്ങൾ ചോദിച്ചറിയാനും അതിന് പരിഹാരം നൽകുന്നതിനുമായി അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു, അതിനാൽ എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും ഭീതിയില്ലാതെ തങ്ങൾക്ക് സ്റ്റേഷനിലേക്ക് വരാൻ സാധിച്ചിരുന്നു’- എന്നാണ് നാട്ടുകാരും അദ്ദേഹേത്തെക്കുറിച്ച് പറയുന്നത്. പൊലീസുകാരുമായി പൊതുവെ നാട്ടുകാർ അത്ര അടുപ്പം പുലർത്താറില്ല. അതിനാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും.
Story highlights; emotional farewell to police sub inspector