‘ഞങ്ങളുടെ വിവാഹത്തിന്റെ ഗോൾഡൻ ജൂബിലിയാണ് അടുത്തവർഷം’- ഫ്ളവേഴ്സ് ഒരുകോടി വേദിയിൽ വിജയൻ പങ്കുവെച്ച സ്വപ്നങ്ങൾ
യാത്രകളെ ഇത്രയധികം പ്രണയിച്ച ആരുമുണ്ടാകില്ല. അതുകൊണ്ടാണ് എഴുപത്തൊന്നാം വയസിലും കെ ആർ വിജയൻ എന്ന എറണാകുളത്തുകാരുടെ വിജയേട്ടന്റെ വാക്കുകളിൽ നിറഞ്ഞത് അടുത്ത യാത്രയെക്കുറിച്ചുള്ള പദ്ധതികളായിരുന്നു. ഫ്ളവേഴ്സ് ഒരുകോടിയുടെ അൻപത്തിമൂന്നാം എപ്പിസോഡിൽ ഭാര്യ മോഹനയുടെ കയ്യും പിടിച്ച് വിജയൻ എത്തിയത് പ്രേക്ഷകർക്കും മറക്കാനാകാത്ത ഓർമ്മയാകുകയാണ്. ഒട്ടേറെ സഞ്ചാര സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം വിജയൻ അന്ന് അറിവിന്റെ വെയിൽ പങ്കുവെച്ചിരുന്നു.
എത്രയാണ് പ്രായം എന്ന ചോദിച്ചതിന് വെറും 71 ഒൺലി എന്നായിരുന്നു കെ ആർ വിജയൻറെ മറുപടി. തനിക്ക് 69 വയസാണെന്ന ഭാര്യ മോഹനയുടെ മറുപടിയ്ക്ക് വിജയൻ കുസൃതിയോടെ ഒരു തിരുത്തൽ നടത്തി,’ ശെരിക്കും ഇവൾക്ക് 70 ആയി, പക്ഷെ പറയുമ്പോൾ അങ്ങനെയാണ്..’. പൊട്ടിച്ചിരിയോടെ ഇരുവരും പരസ്പരം സ്നേഹനിമിഷങ്ങൾ ഫ്ളവേഴ്സ് ഒരുകോടി വേദിയിൽ സമ്മാനിച്ചു.
‘അടുത്തവർഷം ഞങ്ങളുടെ ഗോൾഡൻ ജൂബിലിയാണ്’ എന്ന സന്തോഷവും വിജയേട്ടൻ വേദിയിൽ പങ്കുവെച്ചിരുന്നു. ഡിസംബർ ഒൻപതിന് വിവാഹവാർഷികം ആഘോഷിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം വിജയനെ കവർന്നെടുത്തത്.
ഇണപിരിയത്തുള്ള അൻപതുവര്ഷത്തെ യാത്രയ്ക്കൊടുവിൽ വിജയൻ യാത്രയായപ്പോൾ വലിയ സ്വപ്നങ്ങളാണ് ബാക്കിയായത്. അതിലൊന്നാണ് കൊച്ചുമോളെ വിദേശത്ത് പഠിപ്പിക്കണം എന്നത്. അന്യനാടുകളിലെ സംസ്കാരവും രീതികളുമെല്ലാം അടുത്തറിഞ്ഞ ഇരുവരും മക്കൾക്കും യാത്ര സ്വപ്നങ്ങൾ പകർന്നു നൽകിയിരുന്നു. അതുകൊണ്ടുതന്നെ ഇനിയെന്താണ് ആഗ്രഹം ബാക്കിയുള്ളത് എന്ന ചോദ്യത്തിന് ഇരുവരും പറഞ്ഞത് കൊച്ചുമകളുടെ വിദേശ പഠന സ്വപ്നമാണ്.
കടവന്ത്രയിലെ ഗാന്ധിനഗറിലുള്ള ശ്രീ ബാലാജി കോഫീ ഷോപ്പ് ഇവരുടെ യാത്രാ പ്രണയത്തിലൂടെയാണ് പ്രസിദ്ധമായത്. വിദേശ മാധ്യമങ്ങൾ പോലും ചായവിറ്റ് ലോകം ചുറ്റിയ ദമ്പതികളുടെ കഥയും ജീവിതാനുഭവങ്ങളും വലിയ വാർത്തയാക്കിയിരുന്നു.
Story highlights- flowers orukodi vijayan and mohana episode